Wednesday , February   26, 2020
Wednesday , February   26, 2020

പാഠം ഒന്ന്: അധ്യാപക നിയമനവും എയ്ഡഡ് മാനേജ്‌മെന്റുകളും 

അധ്യാപക നിയമനത്തെച്ചൊല്ലി സർക്കാറും എയ്ഡഡ് സ്‌കൂൾ മാനേജുമെന്റുകളും തമ്മിലുള്ള പോര് മുറുകുകയാണ്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം സർക്കാർ അറിഞ്ഞു വേണമെന്ന ബജറ്റ് നിർദേശത്തെ എതിർത്ത മാനേജ്മെന്റുകൾക്കെതിരേ മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എയ്ഡഡ് സ്‌കൂളുകളിൽ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകൾ പരിശോധിക്കുമെന്നും പുതിയ നിയമനങ്ങൾ സർക്കാറിന്റെ അനുമതിയോടെയാകണമെന്നുമായിരുന്നു ബജറ്റ് നിർദേശം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.  നിലവിൽ 13,255 സംരക്ഷിത അധ്യാപകർ പുറത്തു നിൽക്കുമ്പോൾ സർക്കാറിന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ എയ്ഡഡ് സ്‌കൂളുകൾ 18,119 തസ്തിക സൃഷ്ടിച്ചെന്നാണ് ബജറ്റിൽ പറയുന്നത്. സർക്കാർ വേതനം കൊടുക്കുമ്പോൾ നിയമനത്തെ കുറിച്ച് മുൻകൂട്ടി അറിയണമെന്ന ഏറ്റവും ന്യായമായ നിലപാടിനെയാണ് മാനേജ്‌മെന്റുകൾ വെല്ലുവിളിക്കുന്നത്.  സ്‌കൂൾ നടത്തിപ്പിൽ സർക്കാറിന്റെ ഇടപെടലായാണ് അവരതിനെ വ്യാഖ്യാനിക്കുന്നത്. ആവശ്യമെങ്കിൽ വാടക നൽകി ഈ സ്‌കൂളുകൾ ഏറ്റെടുക്കുമെന്നു പോലും മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.  സാമുദായിക സംഘടനകളും യു.ഡി.എഫും സർക്കാറിനെതിരെ ശക്തമായി രംഗത്തുണ്ട്. അതേസമയം എയ്ഡഡ് മേഖലയിൽ സംവരണം എന്ന ഏറ്റവും പ്രസക്തമായ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിശ്ശബ്ദരാണുതാനും. 
1957 ൽ കേരളത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ആദ്യത്തെ സർക്കാറിനെ പുറത്താക്കാൻ പ്രധാന കാരണമായതു എയ്ഡഡ് സ്‌കൂൾ മേഖലയിലെ അധ്യാപക നിയമനവുമായി സർക്കാർ എടുത്ത തീരുമാനവും അതിനെത്തുടർന്ന് കൂടി ഉയർന്നുവന്ന വിമോചന സമരവും ആയിരുന്നല്ലോ.  മത ജാതി നേതൃത്വങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന കേരളത്തിലെ എയ്ഡഡ് സ്‌കൂൾ നിയമനം സർക്കാർ നേതൃത്വത്തിൽ നടത്താനുള്ള നീക്കമാണ് വിമോചന സമരത്തിന്റെ പല കാരണങ്ങളിൽ ഒന്നായത്. തുടർന്ന് സംഭവിച്ചത് നിയമനം മാനേജ്‌മെന്റ് നടത്തുകയും വേതനം സർക്കാർ കൊടുക്കുകയും ചെയ്യുക എന്ന ലോകത്തെവിടെയും ഉണ്ടാകാനിടയില്ലാത്ത രീതിയായിരുന്നു.  50% നിയമനങ്ങൾ  അതാതു മാനേജ്‌മെന്റ് സമുദായങ്ങളിൽ നിന്നും ബാക്കി ഓപൺ മെറിറ്റിൽ നിന്നും നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഓപൺ മെറിറ്റ് എന്നതൊക്കെ ഒരു പ്രഹസനം മാത്രമാണ്. മാനേജ്‌മെന്റിനു താൽപര്യമുള്ളവരെ വൻ പണം വാങ്ങി,  അക്കാദമിക മികവും മാനദണ്ഡങ്ങളും പാലിക്കാതെ നിയമിച്ച് സർക്കാർ വേതനവും ആനുകൂല്യങ്ങളും വാങ്ങിക്കാൻ പ്രാപ്തരാക്കുന്ന  രീതിയാണ് ഈ എയ്ഡഡ് സ്ഥാപനങ്ങളിൽ നിലനിൽക്കുന്നത്. കൂടാതെ ഇങ്ങനെ കയറിയ  4000 അധ്യാപകരെ അതാതു സ്‌കൂളുകളിൽ കുട്ടികളില്ലാതെ വന്നപ്പോൾ സർക്കാർ സ്‌കൂളുകളിൽ നിയമിക്കുകയുമുണ്ടായി. പി.എസ്.സി പരീക്ഷ എഴുതിയിരുന്നവരും ഇനി എഴുതാനായി ഇരുന്നവരുമായ 4000 ത്തോളം ഉദ്യോഗാർത്ഥികളെയാണ് ഇതിലൂടെ സർക്കാർ വഞ്ചിച്ചത്. 
ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78% വും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഒരു ലക്ഷത്തി മുപ്പത്തിനായിരത്തോളം ആളുകൾ ഈ മേഖലയിൽ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്നത് പ്രതിവർഷം ഏകദേശം 10,000 കോടി രൂപയോളം ആണ്. 
മൊത്തത്തിലെടുത്താൽ എയ്ഡഡ് മേഖലയിൽ ഇന്ന് രണ്ട് ലക്ഷം ജീവനക്കാരുണ്ട്. 
പ്രതിവർഷം പതിനായിരം കോടി രൂപയാണ് സർക്കാർ എയ്ഡഡ് മേഖലയിലെ ശമ്പളം, പെൻഷൻ എന്നിവക്കായി ചെലവഴിക്കുന്നത്. അതിൽ ആയിരം കോടി ഇവരുടെ അവകാശമാണ്. അവയെല്ലാം നിഷേധിക്കുന്നത് വലിയൊരു സാമൂഹിക അനീതിയാണ്. ജനാധിപത്യ വിരുദ്ധതയാണിത്. ഭരണഘടന ഉറപ്പു നൽകുന്ന സംവരണത്തിന്റെ അട്ടിമറിയും. ഇതിനെല്ലാം പുറമേയാണ് മാനേജ്‌മെന്റുകൾ പണം വാങ്ങി നിയമിച്ച 4000 ത്തിൽപരം അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കിൽ നിലനിർത്തി സർക്കാർ വിദ്യാലയങ്ങളിലടക്കം നിയമിച്ചത്. ഈ സ്ഥാപനങ്ങളിൽ മിക്കവയും നഗര മധ്യങ്ങളിൽ സർക്കാർ ഏറെക്കുറെ സൗജന്യമായി നൽകിയ, കോടിക്കണക്കിനു വിലവരുന്ന ഭൂമിയിലാണെന്നതും ഓർക്കേണ്ടതാണ്.
സർക്കാർ സർവീസിലെ ഏറ്റവും ചെറിയ ജോലികളിൽ പോലും പ്രവേശിക്കുന്നവർക്ക് നേടാൻ കഴയുന്നത് വളരെ വലിയ സാമ്പത്തിക സുരക്ഷിതത്വമാണ്. പിൽക്കാലത്തെ പെൻഷൻ മാത്രമല്ല മറിച്ച് ബാങ്ക് ലോണുകളുടെ ഒരു വലിയ ലോകം അവർക്കു മുൻപിൽ തുറക്കപ്പെടും.