Sorry, you need to enable JavaScript to visit this website.

ഇന്ത്യ കൊതിച്ചു, ഇന്ദ്രപ്രസ്ഥം തന്നു

ആറ് മാസങ്ങൾക്കപ്പുറം നടന്ന 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും ജയിച്ച പാർട്ടിയാണ് ബി.ജെ.പിയെന്നത് വിസ്മരിച്ചു. ആദ്യ സൂചനകൾ വന്നപ്പോൾ മലയാളം ചാനലുകളിൽ ബി.ജെ.പി വക്താക്കൾക്ക് നല്ല ഉത്സാഹമായിരുന്നു. ആപ് നിർണായക ലീഡ് നേടിയപ്പോൾ ബി.ജെ.പി വക്താവ് ചാനൽ സംവാദത്തിൽ പറഞ്ഞു: ജനങ്ങൾക്ക് ഇത്രയേറെ കാര്യങ്ങൾ സൗജന്യമായി കൊടുത്താൽ ആരും വോട്ട് ചെയ്യും. അതും ദേശീയ രാഷ്ട്രീയവുമായി ബന്ധമൊന്നുമില്ല. ന്യായീകരണ തൊഴിലാളിയെന്ന നിലയ്ക്ക് പറഞ്ഞതാണെങ്കിലും ഈ തിരിച്ചറിവ് പ്രധാനമാണ് -ഈ ആസുര കാലത്ത് പ്രത്യേകിച്ചും. 

ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പ്രാധാന്യമേറെയാണ്. ആശങ്കയുടെ നിമിഷങ്ങൾക്ക് ശേഷം ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ആഗ്രഹിച്ച ഫലമാണ് തലസ്ഥാന നഗരിയിൽ നിന്ന് കേൾക്കാനായത്. ആം ആദ്മി പാർട്ടിയുടെ ആശയങ്ങളെന്തെന്നത് വിഷമയമല്ല. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ. ഹിന്ദുവും മുസ്‌ലിമും ക്രൈസ്തവരും ബുദ്ധ മതക്കാരും പാർസികളും മതമൊന്നുമില്ലാത്തവരും സൗഹാർദത്തോടെ കഴിഞ്ഞ നാടാണിത്. ഇത് ഇങ്ങനെ തന്നെ നിലനിൽക്കണം. നമ്മൾ കഴിഞ്ഞത് പോലെ തലമുറകൾക്കും കഴിയാവുന്ന സാഹചര്യമുറപ്പ് വരുത്തുക എന്നത് ഓരോ ഭാരതീയന്റെയും കർത്തവ്യമാണ്. ദൽഹിയിൽ 70 ൽ 63 സീറ്റിലും വിജയിച്ച് ഭരണത്തുടർച്ച ഉറപ്പ് വരുത്തിയിരിക്കുകയാണ് എ.എ.പി. ഇത് ആപ്പിന്റെ മാത്രം വിജയമല്ല. സംപൂജ്യരായെന്ന് ചില മാധ്യമ പ്രവർത്തകർ വിശേഷിപ്പിക്കുന്ന കോൺഗ്രസിന്റെയും നോട്ടക്ക് 180 വോട്ട് കിട്ടിയ ദൽഹിയിലെ മണ്ഡലത്തിൽ പത്ത് വോട്ട് ലഭിച്ച സി.പി.എം സ്ഥാനാർഥിയുടെയും മതേതര ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്.
 ഇന്ത്യയിൽ അടുത്ത കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും തീവ്രമായ വർഗീയ പ്രചാരണത്തിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പായിരുന്നു ദൽഹിയിലേത്. ഇന്ത്യയുടെ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, യു.പി മുഖ്യമന്ത്രി എന്നിവർ വർഗീയ കാർഡ് ഇറക്കിയാണ് കാമ്പയിൻ നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ഭീകരർക്ക് കെജ്‌രിവാൾ ബിരിയാണി നൽകുമ്പോൾ ഞങ്ങൾ തോക്ക് സമ്മാനിക്കുന്നു. ഞങ്ങൾ ജയിച്ചാൽ ഷഹീൻ ബാഗ് തന്നെ ഉണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാന ന്യൂനപക്ഷ സമുദായത്തെ അന്യവൽക്കരിച്ചുള്ള ബോധപൂർവമായ പ്രചാരണമാണ് ദൽഹിയിൽ കണ്ടത്. ജാമിഅ മില്ലിയ, ഷഹീൻ ബാഗ്, ജെ.എൻ.യു എന്നിവിടങ്ങളിലെ അക്രമികളെ അമിത് ഷായുടെ പോലീസ് പെരുമാറുന്ന രീതിയും കണ്ടു. കെജ്‌രിവാൾ രാജ്യദ്രോഹിയാണെന്ന് വരെ പറഞ്ഞു. വിവാദ വിഷയങ്ങളിലൊന്നും പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയ അദ്ദേഹം ഒരു ഘട്ടത്തിൽ മാത്രം താനൊരു ഹനുമാൻ ഭക്തനാണെന്ന് പറയേണ്ടി വന്നു. 
ബി.ജെ.പി നേതാക്കൾ പച്ചയ്ക്ക് വർഗീയത പറയുമ്പോൾ കെജ്‌രിവാൾ ആളുകൾക്ക് സൗജന്യമായി വൈദ്യുതി, വെള്ളം, യാത്രാ സൗകര്യം എന്നിവ എർപ്പെടുത്തിയാണ് വോട്ട് തേടിയത്. ഇന്ത്യയിൽ 126 കോടി ജനങ്ങളുണ്ട്. പ്രധാനമന്ത്രി എല്ലാവരുടേതുമാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേതല്ല. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പോലെ വർഗീയതയും പാക്കിസ്ഥാനും മാത്രമാണ് ഇന്ത്യ ഭരിക്കുന്ന പാർട്ടി പ്രചാരണ ഘട്ടത്തിൽ പറഞ്ഞുകൊണ്ടിരുന്നത്. പാക്കിസ്ഥാനേ ഇനി നീ കുറച്ചു നാൾ വിശ്രമിക്കൂ, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും വിളിക്കാം എന്ന ശീർഷകവുമായി ഒരു കാർട്ടൂൺ കണ്ടു. വർഗീയത എടുത്തിട്ട് ജനകീയ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഒരു സർക്കാറിനും ഭൂഷണമല്ല. എല്ലാ കാലത്തും പാക്കിസ്ഥാൻ, ഹിന്ദു-മുസ്‌ലിം വിഷയം പറഞ്ഞിരുന്നാൽ നമ്മുടെ പുതിയ തലമുറക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ നിയന്ത്രിക്കുന്ന മോഡി-അമിത്-യോഗി ത്രയങ്ങൾക്ക് ഏതെങ്കിലും ഉപദേശി ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് നല്ലതായിരിക്കും. 
ഹാട്രിക് വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിന്റെ വാക്കുകളിൽ ഒട്ടും അഹങ്കാരമില്ല. 
തന്നെ മകനായി കണ്ട ഓരോ  കുടുംബത്തിന്റെയും  രാജ്യത്തിന്റെയും വിജയവും  ഭരണ നേട്ടങ്ങൾക്കുള്ള അംഗീകാരമാണിതെന്നും  ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും  വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തവേ അദ്ദേഹം  പറഞ്ഞു. 70 നിയമസഭാ സീറ്റിൽ  62 സീറ്റും നേടിയാണ് എ.എ.പി വെന്നിക്കൊടി പാറിച്ചത്.
ഈ പ്രാവശ്യം ദൽഹി പിടിക്കുമെന്ന ആത്മ വിശ്വാസത്തോടെ പ്രചാരണത്തിനിറങ്ങിയ ബി.ജെ.പിയാവട്ടെ ഏഴ്  സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ മൂന്ന് ആയിരുന്നത് ഇത്തവണ ഏഴ്  ആയി ഉയർത്താൻ മാത്രമേ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുള്ളൂ. 
പ്രതിരോധിക്കാൻ സകല അടവും പയറ്റിയ ബി.ജെ.പിയെ തറ പറ്റിച്ചാണ് കെജ്‌രിവാൾ വിജയശ്രീ ലാളിതനായത്.  രാജ്യ തലസ്ഥാനത്ത് ആം ആദ്മി വിജയിച്ചു കയറുന്നത് തങ്ങൾക്ക് വിനയാണെന്ന് അറിഞ്ഞിട്ടും കോൺഗ്രസ് എതിരാളിയുടെ വിജയം ആഘോഷിക്കുകയാണ്.  അക്കൗണ്ട് തുറക്കാൻ പോലും ദൽഹിയിലെ ജനങ്ങൾ അവസരം നൽകാതിരുന്നിട്ടും കോൺഗ്രസിന് സന്തോഷം കൊണ്ടിരിക്കാൻ വയ്യാത്ത സ്ഥിതിയാണ്. 
അരവിന്ദ് കെജ്‌രിവാൾ മൂന്നാം വട്ടവും സർക്കാർ രൂപീകരിക്കുമ്പോൾ അഭിനന്ദിക്കാൻ കോൺഗ്രസ് മടി കാണിക്കാത്തത്തിന് കാരണം ബി.ജെ.പിയുടെ പരാജയമാണ്. ദേശീയ നേതാക്കളെ കളത്തിലിറക്കി അമിത് ഷാ പയറ്റിയ  തന്ത്രങ്ങൾ നിഷ്പ്രഭമാക്കി ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആപ്പിന് കഴിഞ്ഞതാണ് കോൺഗ്രസിനെ സന്തോഷിപ്പിക്കുന്നത്.
മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ പ്രതികരണം ശ്രദ്ധേയമാണ്- 'ഈ വിജയം നിങ്ങൾ അർഹിക്കുന്നു. സാമുദായിക ധ്രുവീകരണത്തിന് പരിമിതികളുണ്ടെന്ന് ഇന്ത്യയിലെ മറ്റിടങ്ങളിലെ ജനങ്ങൾക്കുള്ള സന്ദേശമാണ് ഈ വിജയം'. 
മൻ കീ ബാത് അല്ല, മറിച്ച് ജൻ കീ ബാത് ആണ് രാജ്യത്തെ നയിക്കുന്നതെന്ന് ജനം കാണിച്ച് തന്നിരിക്കുന്നു, കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിട്ടും അദ്ദേഹത്തെ തോൽപിക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ല' -മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ അപകടകരമായ അജണ്ടയാണ് തോറ്റതെന്ന് മുൻ ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചു. ബി.ജെ.പിയുടെ തോൽവി പരമ്പര അവസാനിക്കാൻ പോകുന്നില്ലെന്ന് എൻ.സി.പി മേധാവി ശരത് പവാറും പറഞ്ഞു.
'മോഡി സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. വികസനം മാത്രമാണ് വിജയിക്കുക -പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ വിജയത്തിൽ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും രംഗത്ത് വന്നു. ദൽഹിയിലെ വികസന പദ്ധതികളാണ് എ.എ.പിയുടെ വിജയത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. 
ദൽഹിയിൽ പ്രചാരണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഏറ്റെടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റാലികളിലൂടെ പ്രചാരണം കൊഴിപ്പിച്ചു. കേന്ദ്ര മന്ത്രിമാരും 240 ൽ അധികം വരുന്ന ബി.ജെ.പി എം.പിമാരും ദൽഹിയുടെ  മുക്കിലും മൂലയിലുമെത്തി വോട്ട് തേടി. എന്നാൽ അതൊന്നും എവിടെയും ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 
പ്രചാരണം കൊഴുപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹരിയാനാ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ തുടങ്ങിയ പാർട്ടി മുഖ്യമന്ത്രിമാരെയും ബി.ജെ.പി ദൽഹിയിൽ അണിനിരത്തി. നരേന്ദ്ര മോഡിയും അമിത് ഷായും നേതൃത്വം നൽകിയ നിരവധി റാലികളും ദില്ലിയുടെ നിരത്തിൽ അരങ്ങേറി. 38 പൊതു പരിപാടികളായിരുന്നു അമിത് ഷായുടെ നേതൃത്വത്തിൽ നടന്നത്. പൗരത്വ നിയമ ഭേദഗതി, ഷഹീൻ ബാഗ്, രാമക്ഷേത്ര നിർമാണം തുടങ്ങിയ തീവ്ര വിഷയങ്ങളെ കൂട്ടുപിടിച്ചായിരുന്നു ബി.ജെ.പി പ്രചാരണം സമാപിച്ചത്. 
ദൽഹിയിലെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ തലേ ദിവസമാണ് പ്രധാനമന്ത്രി പാർലമെന്റിൽ അയോധ്യയിലെ ക്ഷേത്ര നിർമാണ പദ്ധതി പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ ജനകോടികൾ നേരിടുന്ന എന്തെല്ലാം പ്രശ്‌നങ്ങൾ വേറെയിരിക്കുന്നു? 
പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളെ കെജ്‌രിവാൾ പിന്തുണച്ചതും ബി.ജെ.പി വിരുദ്ധതയും ന്യൂനപക്ഷ വോട്ടുകളെ ഒന്നടങ്കം ആം ആദ്മിയിൽ എത്തിച്ചു. കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചാൽ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ദൽഹിയിലുണ്ടായിരുന്നു. എന്നാൽ 2015 ലേതിന് സമാനമായി കോൺഗ്രസിന് യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിയാഞ്ഞതും ആം ആദ്മിക്ക് ഗുണം ചെയ്തു. സഖ്യകക്ഷികളുമായി ഉണ്ടായ അകൽച്ചയും ചില മണ്ഡലങ്ങളിലെങ്കിലും ദൽഹിയിൽ ബി.ജെ.പി വോട്ടുകൾ കുറയ്ക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എൽ.ജെ.പിയും ജെ.ജെ.പിയും ശിരോമണി അകാലിദളും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. ശിരോമണി അകാലി ദളിന്റെ അഭാവം സിക്ക് വോട്ടുകളെയും ബി.ജെ.പിയിൽ നിന്ന് അകറ്റി. തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോളുകൾ ബി.ജെ.പിയുടെ പരാജയം നേരത്തെ കൃത്യമായി പ്രവചിച്ചിരുന്നു. സീറ്റ് വർധിപ്പിക്കുമെങ്കിലും ബി.ജെ.പിക്ക് അധികാരം പിടിക്കാൻ കഴിയുമെന്ന് ഒരു എക്‌സിറ്റ് പോളും പ്രവചിച്ചിരുന്നില്ല. 
ബി.ജെ.പിയുടെ വെസ്റ്റ് ദൽഹി ലോക്‌സഭാ എം.പി പർവേഷ് വർമ നടത്തിയ വർഗീയ പ്രസംഗങ്ങൾ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.  പർവേഷിന്റെ മണ്ഡലത്തിലെ പത്ത്  നിയമസഭാ സീറ്റുകളിലും ബി.ജെ.പി തോറ്റു.  തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്ക് രണ്ട് തവണയാണ് പർവേഷ് വർമ്മയെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത്.
ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ പീഡനങ്ങളും കൊലപാതകവും നടത്തുമെന്ന് പ്രസ്താവിച്ചതിനായിരുന്നു ആദ്യത്തെ വിലക്ക്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചതിനാണ് ഒരു ദിവസത്തേക്ക് മറ്റൊരു വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് എതിരെയും ബി.ജെ.പി എം.പി ആരോപണം അഴിച്ചുവിട്ടു.
ദൽഹി നിയമസഭാ ഫലം പുറത്തു വന്ന ഇന്നലെ കാലത്ത് ടെലിവിഷൻ ചാനലുകളിൽ ബി.ജെ.പിയുടെ ശതമാന കണക്കിലെ കുതിപ്പാണ് പ്രത്യേകം എടുത്തു പറഞ്ഞിരുന്നത്. 
വോട്ട് വിഹിതത്തിൽ ആറ് ശതമാനം വർധനയുണ്ടാക്കി എന്ന് പറയുന്നവൻ ഉദ്ധരിച്ചത് 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പ്  ഫലത്തെയാണ്. ആറ് മാസങ്ങൾക്കപ്പുറം നടന്ന 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും ജയിച്ച പാർട്ടിയാണ് ബി.ജെ.പിയെന്നത് വിസ്മരിച്ചു. ആദ്യ സൂചനകൾ വന്നപ്പോൾ മലയാളം ചാനലുകളിൽ ബി.ജെ.പി വക്താക്കൾക്ക് നല്ല ഉത്സാഹമായിരുന്നു. 
ആപ് നിർണായക ലീഡ് നേടിയപ്പോൾ ബി.ജെ.പി വക്താവ് ചാനൽ സംവാദത്തിൽ പറഞ്ഞു: ജനങ്ങൾക്ക് ഇത്രയേറെ കാര്യങ്ങൾ സൗജന്യമായി കൊടുത്താൽ ആരും വോട്ട് ചെയ്യും. അതും ദേശീയ രാഷ്ട്രീയവുമായി ബന്ധമൊന്നുമില്ല. ന്യായീകരണ തൊഴിലാളിയെന്ന നിലയ്ക്ക് പറഞ്ഞതാണെങ്കിലും ഈ തിരിച്ചറിവ് പ്രധാനമാണ് -ഈ ആസുര കാലത്ത് പ്രത്യേകിച്ചും. 

Latest News