ദല്‍ഹി വെടിവെപ്പില്‍ അക്രമി ലക്ഷ്യമിട്ടത് എം.എല്‍.എയെ അല്ലെന്ന് പോലീസ്

നരേഷ് യാദവ്

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വെടിവെപ്പിന് രാഷ്ട്രീയമില്ലെന്ന് ദല്‍ഹി പോലീസ്. കൊല്ലപ്പെട്ട എ.എ.പി പ്രവര്‍ത്തകനെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും എ.എ.പി എം.എല്‍.എ നരേഷ് യാദവിനെ അല്ലെന്നും സൗത്ത് വെസ്റ്റ് അഡിഷനല്‍ ഡി.സി.പി ഇംഗിത് പ്രതാപ് സിങ് പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവെപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുേെണ്ടന്ന് കരുതുന്നില്ല.

ചൊവ്വാഴ്ച രാത്രിയാണ് നരേഷ് യാദവ് എം.എല്‍.എക്കുനേരെ വെടിവെപ്പുണ്ടായത്. രാത്രി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു വെടിവെപ്പ്. എം.എല്‍.എയുടെ കൂടെയുണ്ടായിരുന്ന അശോക് മന്‍ എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്തു നിന്ന് ഏഴ് വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇതിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് എം.എല്‍.എ പറഞ്ഞു. അക്രമി നാല് റൗണ്ട് വെടിവെച്ചെന്നും ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മെഹറൗലി മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട നരേഷ് യാദവ് പറഞ്ഞത്.

 

Latest News