ബെയ്ജിംഗ്- പുതിയ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,113 ആയി. ഹോങ്കോങ്ങില്‍ 50 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥരീകരിച്ചു.
പല രാജ്യങ്ങളിലും പല പേരുകളില്‍ കൊറോണ വൈറസുള്ളതിനാല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ വൈറസിന് ലോകാരോഗ്യ സംഘടന കൊവിഡ്-19 എന്നു പേരു നല്‍കി.
കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് കൊവിഡ് 19. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള വാക്സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കാനാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
ചൈനയില്‍ ചൊവ്വാഴ്ച നൂറിലേറെ പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 45000 ലേക്ക് നീങ്ങുകയാണ്. ആയിരത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ്.
ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലുള്ള 175 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റര്‍ഡാം എന്ന മറ്റൊരു കപ്പലില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ തീരത്തടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ നിരാകരിച്ചു.
കപ്പലില്‍ ജീവനക്കാരും യാത്രക്കാരുമായി 138 ഇന്ത്യക്കാരുണ്ടെന്നും ഇവരിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന് ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നന്‍ഷാന്‍ പറയുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ കരുതിയിരിക്കണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. മേധാവി മുന്നറിയിപ്പ് നല്‍കി. കൊറോണയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനീവയില്‍ നടക്കുന്ന സമ്മേളനത്തില്‍ നാനൂറിലധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്നുണ്ട്.