ന്യൂദല്‍ഹി-ബി.ജെ.പിയുടെ ഹിന്ദുത്വ, വിദ്വേഷത്തിനു കനത്ത തിരിച്ചടി നല്‍കി ദല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ ഹനുമാന്‍ ഭക്തനാണെന്നും ഭാരത് മാതാ ജയ് വിളിച്ചുവെന്നുമുള്ള ആക്ഷേപത്തിന് ശക്തമായ മറുപടിയുമായി സോഷ്യല്‍ മീഡിയ.
കെജ് രിവാള്‍ കാവിരാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണെന്നും വിജയാഹ്ലാദത്തില്‍ കാവിരാഷ്ട്രീയക്കാരുടെ മുദ്രാവാക്യമായ ഭാരത് മാതാ കീ ജയ് വിളിച്ചുവെന്നുമാണ് ആക്ഷേപം.
മറ്റു സമുദായങ്ങളോട് വിദ്വേഷം പുലര്‍ത്താത്തിടത്തോളം ഹനുമാന്‍ ഭക്തനായാലും ഭാരത് മാതാ വിളിച്ചാലും എന്താണ് തെറ്റെന്ന് ഇക്കണോമിക്‌സ് ടൈംസിലെ പത്രപ്രവര്‍ത്തക വസുധ വേണുഗോപാലിന്റെ ട്വീറ്റിനു മറുപടിയായി മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമാ ഗോസ്വാമി ചോദിച്ചു.
ഏതെങ്കിലും വിശ്വാസിയാകുന്നതില്‍ എന്താണ് തെറ്റെന്ന് മറ്റു ട്വിറ്റര്‍ ഉപയോക്താക്കളും ചോദിക്കുന്നു. മറ്റു മതക്കാരോട് വിശ്വാസം പുലര്‍ത്താതെ തന്നെ വിശ്വാസിയായി ജീവിക്കാമെന്നും ഭരണത്തില്‍ മതേതരത്വം പുലര്‍ത്താമെന്നുമാണ് അരവിന്ദ് കെജ് രിവാള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ട്വീറ്റ് ചെയ്തു.
മതേതരത്വമെന്നാല്‍ മതത്തെ കുറിച്ച് ലജ്ജിക്കുന്നതോ അത് പരസ്യമായി പ്രകടിപ്പിക്കാതെ ഒളിച്ചുവെക്കുന്നതോ അല്ലെന്നും മറ്റു മതങ്ങളും വിശ്വാസവും പുലര്‍ത്തുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയുമാണെന്നും ആക്ടിവിസ്റ്റ് നിതിന്‍ ശേഷാദ്രി പറഞ്ഞു.
മതവിശ്വാസിയാകുന്നതിലും അത് ജനങ്ങള്‍ അറിയുന്നതിലും ഒരു തെറ്റുമില്ല. മറ്റു മതക്കാരോട് വിദ്വേഷം പുലര്‍ത്തുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു.
ഇത് തന്റെ വിജയമല്ലെന്നും ആംആദ്മി പാര്‍ട്ടിക്ക് പിന്തണ നല്‍കിയ ദല്‍ഹി ജനതയുടേതാണെന്നുമാണ് അരവിന്ദ് കെജ് രിവാള്‍ വിജയത്തിനുശേഷം തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.