Sorry, you need to enable JavaScript to visit this website.

എൻ.എസ് മാധവന്റെ കഥ ബജറ്റ് ചർച്ചയിലെത്തിയ ദിവസം

തിരുവനന്തപുരം- സമകാലീന രാഷ്ട്രീയം അതിരൂക്ഷമായി തന്റെ സാഹിത്യ സൃഷ്ടികളിൽ പറഞ്ഞുകൊണ്ടേയിരിക്കുന്ന എഴുത്തുകാരനാണ് എൻ.എസ് മാധവൻ. അദ്ദേഹത്തിന്റെ  'പാല് പിരിയുന്ന കാലം'  എന്ന പുതിയ  കഥ സി.പി.ഐയിലെ ഇ.ടി ടൈസൺ മാസ്റ്ററാണ് ബജറ്റ് ചർച്ചയിൽ ഉദ്ധരിച്ചത്. 
തന്റെ ശരീരത്തിൽനിന്ന് ഓപ്പറേറ്റ് ചെയ്‌തെടുത്ത ഭാഗവുമായി ഡോക്ടറെ കാണാൻ പോവുകയായിരുന്ന സാബു എന്ന കഥാപാത്രത്തെ ട്രെയിനിൽ വെച്ച് പിടികൂടിയ ആൾക്കൂട്ടം  ആക്രമിക്കുന്നതാണ് കഥ - ഇതെന്ത് ഇറച്ചിയാണെന്ന ചോദ്യത്തോടെ. 


ഇതെന്റെ ഇറച്ചിയാണെന്ന നിലവിളിയൊന്നും അക്രമിക്കൂട്ടം കേട്ടില്ല...ചവിട്ട്, കുത്ത്, അടിക്ക്, വെട്ട്, കീറ്, മുറിക്ക്, കൊല്ല്, ചുട്, പിളർക്ക്, തീർക്ക്...ആൾക്കൂട്ടത്തിന്റെ അക്രമത്തിനൊടുവിൽ താൻ കിടക്കുന്ന തറയിലെ പശിമ തന്റെ ചോരയുടെതാണെന്ന് സാബുവിന് മനസിലായപ്പോഴേക്കും അയാൾക്ക് ഞെട്ടാനുള്ള ശക്തിപോലും ഇല്ലായിരുന്നുവെന്ന  മാധവന്റെ വരികൾ ടൈസൺ മാസ്റ്റർ വായിച്ചു. 
തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ  രാഷ്ട്രീയ സമസ്യകൾ അവതരിപ്പിക്കുന്ന സാഹിത്യകാരന്മാരെ ജനസഭകളിലെത്തിക്കുന്നതിന്റെ രാഷ്ട്രീയം മന്ത്രി ഡോ. തോമസ് ഐസക്കാണ്  പുതു കാലത്ത്  സജീവമാക്കിയത്. 


അതേറ്റ് പിടിച്ച ടൈസൺ മാസ്റ്ററുടെ പ്രസംഗം അതുകൊണ്ട് തന്നെ വേറിട്ടു നിന്നു.  കെ. സുരേഷ് കുറുപ്പ്, കെ.സി. ജോസഫ്, പി.കെ. ശശി, പി.ടി. തോമസ്, അനൂപ് ജേക്കബ്, മുരളി പെരുനെല്ലി, റോജി എം ജോൺ, ആർ.രാജേഷ്, പി.ജെ. ജോസഫ്, കോവൂർ കുഞ്ഞുമോൻ, ഒ. രാജഗോപാൽ, ആന്റണി ജോൺ, കെ. എസ് ശബരീനാഥൻ, ഡി.കെ. മുരളി, പി. ഉബൈദുല്ല, എൽദോ എബ്രഹാം, കെ.വി. വിജയദാസ്, സി. മമ്മൂട്ടി, കെ. കുഞ്ഞിരാമൻ, എ.പി. അനിൽ കുമാർ,  എം. സ്വരാജ്  എന്നിവരാണ് ബജറ്റ് ചർച്ചയുടെ രണ്ടാം ദിനത്തിൽ സംസാരിച്ചത്. തോമസ് ഐസക്കിന്റേത് ഒരു മിസ്‌കീൻ ബജറ്റാണെന്നായിരുന്നു  ലീഗ്  അംഗം മഞ്ഞളാംകുഴി അലിയുടെ വിമർശം. 


അരിയാഹാരമാണ് കേരളത്തിന്റെ എല്ലാവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണം എന്ന പി.സി ജോർജിന്റെ ചോദ്യോത്തര വേളയിലെ നിരീക്ഷണം അംഗീകരിക്കാൻ, മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊന്നും തയ്യാറായില്ല. ജോർജ് അരി ആഹാരം കഴിക്കാത്തയാളാണെന്ന് പുള്ളിയുടെ വയറ് കണ്ടാൽ ആരും പറയില്ലെന്ന് രമേശ് ചെന്നിത്തല. താൻ കഴിക്കുന്ന രീതിയും ചെന്നിത്തല വിവരിച്ചു- കുറച്ച് ചോറും ധാരാളം കറികളും. കിണ്ണത്തിൽ ചോറ് എന്ന പ്രയോഗം മുഖ്യമന്ത്രിയിൽ നിന്നും മന്ത്രി കെ.കെ. ശൈലജയിൽനിന്നും കേട്ടു. കിണ്ണം നിറയെ ചോറ് തിന്നുന്ന ശീലമാണ് ഉപേക്ഷിക്കേണ്ടതെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പറഞ്ഞു. അതല്ലാതെ ജോർജ് പറയുന്നതുപോലെ അരിയാഹാരം ഉപേക്ഷിക്കാനൊന്നും പറ്റില്ല. എത്രയോ തലമുറകളായി കഴിക്കുന്ന അന്നമാണ്. അഭിപ്രായം പലരും പലതും പറയും. 


ഇന്ന് നല്ല ഭക്ഷണമെന്ന് വിധിയെഴുതുന്നവർ നാളെ മറ്റൊന്ന് പറയും. അതു കൊണ്ട് അരിയാഹാരം വിട്ടൊരു കളിവേണ്ട-മുഖ്യമന്ത്രി ഭക്ഷണകാര്യത്തിൽ പൂർണമായി അരിയാഹാരപക്ഷം ചേർന്നു. അരിയൊക്കെ കൊള്ളാം- സിനിമാ നടൻ മമ്മൂട്ടി കഴിക്കുന്ന കിലോ 250 രൂപയുള്ള അരി. എന്താ  അത്തരം നല്ല അരി കഴിക്കാൻ പറ്റുമോ? ജോർജ് റബർ വിരോധത്തിന് പിന്നാലെ അരിവിരോധത്തിലും ഉറച്ചു നിൽക്കുകയാണ്. 


പൗരത്വം തെളിയിക്കാൻ കഴിയാത്ത മനുഷ്യരെ പിടിച്ചിടാൻ കേരളത്തിൽ തടങ്കൽ പാളയം പണിയാൻ നിലവിലുള്ള സർക്കാർ നടപടി തുടങ്ങിയിരുന്നോ എന്ന ആശങ്ക അന്തരീക്ഷത്തിൽ പരക്കാൻ കാരണമായത് സി.പി.എം ചിന്തകനായ എൻ.മാധവൻ കുട്ടിയുടെ സോഷ്യൽ മീഡിയ പ്രതികരണമായിരുന്നു. മറ്റൊരു ഇടതുചേരിക്കാരനും, പിണറായി വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചയാളുമായ കെ.എം ഷാജഹാൻ മാധവൻകുട്ടിയെ കൂടെ കൂട്ടി ഇക്കാര്യം ഏറ്റെടുക്കുകയായിരുന്നു. ആ വിഷയമാണിപ്പോൾ വലിയ സംശയമായി നിയമസഭ വേദിയിലും പല ഘട്ടങ്ങളിലായി മുഖം കാണിക്കാനെത്തുന്നത്. ചോദ്യോത്തരവേളയിൽ ഇപ്പറഞ്ഞ വിഷയത്തിൽ കൊത്തി ഇരുപക്ഷവും വലിയ പോര് തന്നെ നടത്തി. സെൻസസും പൗരത്വ നിയമവും രണ്ടാണെന്നും, കേരളത്തിൽ പൗരത്വ നിയമത്തിനായുള്ള കണക്കെടുപ്പൊന്നും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു കൊണ്ടിരുന്നു. വിദേശ പൗരന്മാരെ പിടിച്ചിടാൻ ജയിലുണ്ടാക്കാൻ നിർദ്ദേശിച്ചത് രമേശ് ചെന്നിത്തല മന്ത്രിയായ കാലത്താണെന്ന പ്രചാരണത്തെ ചെന്നിത്തല ശരിയാംവണ്ണം ചെറുത്തു.


പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ് ജയിലിൽ കഴിയേണ്ടിവരുന്നവരെ ഉദ്ദേശിച്ചുള്ള തടങ്കൽ പാളയമായിരുന്നു അതെന്ന് മുൻ ആഭ്യന്തര മന്ത്രിയായ ചെന്നിത്തലയുടെ വിശദീകരണം. പൗരത്വ നിയമം പാസാകുന്നതിനെല്ലാം എത്രയോ കാലം മുമ്പ്  (2015)  കൈക്കൊണ്ട നടപടിയും , പൗരത്വ ബില്ലാനന്തര കാലവും ഒരുപോലെ കാണുന്നതിനെ ലീഗിലെ  കെ.എം. ഷാജി  ചോദ്യം ചെയ്തു. വിഷയം സൂക്ഷ്മതലത്തിൽ തന്നെ കൈകാര്യം ചെയ്ത കോൺഗ്രസ്  അംഗം പി.ടി. തോമസ്  സമർഥിക്കാൻ ശ്രമിച്ചത് മാധവൻ കുട്ടി തുടക്കമിട്ട കാര്യം തന്നെ. തടങ്കൽ പാളയം പണിയില്ലെന്ന് രേഖാമൂലം കേന്ദ്രത്തെ അറിയിച്ചിരുന്നോ എന്ന ചോദ്യം പി.ടി  ആവർത്തിച്ചു കൊണ്ടേയിരുന്നു. സെൻസസിനൊപ്പം പൗരത്വ കണക്കെടുപ്പ് നടപ്പാക്കില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉറച്ചു നിന്നു.  ആശങ്ക നിലനിൽക്കുന്ന കാലമായതിനാൽ സെൻസസ് തന്നെ നിർത്തിവെക്കുമോ എന്ന മർമ്മ പ്രധാന  ചോദ്യം രമേശ് ചെന്നിത്തല വീണ്ടുമുന്നയിച്ചു. പൗരത്വ കണക്കെടുപ്പില്ലെന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  സെൻസസ് തുടങ്ങുമ്പോൾ ആളുകളുടെ ആശങ്കയകറ്റാൻ  അവർക്ക് വിളിച്ചന്വേഷിക്കാൻ പ്രത്യേക ടോൾ ഫ്രീ ഫോൺ നമ്പർ തുടങ്ങണമെന്ന് സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിന്റെ നിർദ്ദേശത്തിന് അക്കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.


2015ൽ തടങ്കൽ പാളയങ്ങൾ തുടങ്ങാനുള്ള ഫയൽ സാമൂഹിക നീതി വകുപ്പിന് കൈമാറിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്ന് മുഖ്യമന്ത്രി കൃത്യമായി രാഷ്ട്രീയമായി തിരിച്ചടിച്ചു.  വിസ കാലാവധി കഴിഞ്ഞ വിദേശികളെ താമസിപ്പിക്കാനുള്ള കെട്ടിടം നിർമിക്കാനാണ് ആവശ്യപ്പെട്ടതെന്ന ചെന്നിത്തലയുടെ  വിശദീകരണമൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല.
2012 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാനുള്ള നിർദേശം നൽകിയത്. ഈ ഫയൽ 2015 ഡിസംബറിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സാമൂഹിക നീതി വകുപ്പിന് കൈമാറി. ഈ ഉത്തരവ് നിലനിൽക്കുന്നു. എന്നാൽ സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി തന്റെ പക്ഷം ന്യായീകരിച്ച് വിജയിയായി. 


ഭരണ ബെഞ്ചിന്റെ കൈയ്യടിക്കിടയിലാണ് തടങ്കൽ പാളയവിഷയത്തിലെ പഴയ ഫയലെടുത്ത് അതിന്റെ നാൾ വഴികൾ വായിച്ച് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ മുഖ്യമന്ത്രി  ശ്രമിച്ചത്. ബന്ധപ്പെട്ട ഫയലിൽ രേഖാമൂലം എന്ത് മറുപടി നൽകി എന്ന കോൺഗ്രസിലെ സണ്ണി ജോസഫിന്റെ ചോദ്യമൊന്നും മുഖ്യമന്ത്രിയുടെ നിലപാട് കാരണം ശ്രദ്ധിക്കപ്പെട്ടില്ല.

Latest News