Sorry, you need to enable JavaScript to visit this website.

പൊക്കുന്ന് മല മാടിവിളിക്കുന്നു 

കോഴിക്കോടിന്റെ ടൂറിസം സാധ്യത വേണ്ട വിധം ഉപയോഗപ്പെടുത്താനുള്ള ശ്രമം ഇനിയുമുണ്ടായിട്ടില്ല. ബേപ്പൂർ തുറമുഖം, കോഴിക്കോട് ബീച്ച്, കാപ്പാട് കടപ്പുറം, കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകം, ഇരിങ്ങൽ  കക്കയം, പെരുവണ്ണാമൂഴി ഡാം കഴിഞ്ഞു കേന്ദ്രങ്ങളുടെ പട്ടിക. ഇവിടങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് വേണ്ട സൗകര്യമൊരുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. 
പൊക്കുന്ന് എന്ന് കേൾക്കുമ്പോൾ കോഴിക്കോട് നഗരത്തിൽ ഏറ്റവും ഉയരം കൂടിയ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഓർമയിൽ തെളിയുക. അതിലും മനോഹരമായ ഒരു പൊക്കുന്ന് മല ജില്ലയുടെ കിഴക്കൻ പ്രദേശത്തുണ്ട്. 
ഇത്രയും മനോഹരമായ സ്ഥലം, പ്രകൃതി രമണീയമായ സ്ഥലം, അങ്ങനെ പൊക്കുന്ന് മലയെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. 
ഒരു വിശേഷണവും പ്രകൃതിയുടെ ഈ അഭൗമ സൗന്ദര്യത്തിന് അധികമാകില്ല. കോഴിക്കോട് ജില്ലയിലെ  ബാലുശ്ശേരിക്കടുത്തുള്ള പൊക്കുന്ന് മല സഞ്ചാരികളെ ആകർഷിക്കുകയാണ്.
ബാലുശ്ശേരി - കോഴിക്കോട് റോഡിൽ നന്മണ്ടയിൽ നിന്നാണ് പൊക്കുന്ന് മലയിലേക്കുള്ള യാത്ര പോകേണ്ടത്. താഴെ വാഹനം പാർക്ക് ചെയ്ത് നടന്നു കയറാം. നല്ല പുൽമെത്ത വിരിച്ച പോലെ മല നിറയെ പുല്ലാണ്. ഈ പുല്ലും ഇവിടുത്തെ ഒരു ക്ഷേത്രവുമായി ഒരു ബന്ധമുണ്ട് ചീക്കിലോട് കരിങ്കാളികാവ് ക്ഷേത്രം ആണത്. ആ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്ത് വരുമ്പോൾ ഈ മലമുകളിൽ വന്ന് പുല്ല് ചെറിയ ചെറിയ കറ്റയാക്കി കെട്ടി ആളുകൾ ഒരുമിച്ച് മേള വാദ്യങ്ങളുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും അതൊരു പ്രധാന വഴിപാട് ആണ.് വർഷത്തിൽ ഒരിക്കൽ ഉത്സവത്തിന് മാത്രമാണ് ഇത് നടക്കുന്നത്.


പ്രകൃതി കണ്ണിന്  അതിമനോഹരമായ വിരുന്നൊരുക്കുന്നത് കാണണമെങ്കിൽ സന്ധ്യക്ക്  പൊക്കുന്ന് മലയിലെത്തണം. സായംസന്ധ്യയിൽ പൊക്കുന്ന് മലയുടെ വശ്യമായ സൗന്ദര്യം ദൃശ്യമാകും. സൂര്യപ്രകാശം തട്ടി മലയിലെ ഓരോ പുൽനാമ്പുകളും സ്വർണ നിറമണിഞ്ഞ്, നല്ല തണുത്ത കാറ്റ് മെല്ലെ വീശുമ്പോൾ  അതൊന്ന് ആസ്വദിക്കാൻ തോന്നാത്തവർ ആരാണുള്ളത്. പുലർച്ചെയിലും ഇവിടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ നിരവധി പേർ എത്തുന്നുണ്ട്.  
പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം ആസ്വദിക്കാൻ ഈ സീസണിൽ വൻ പ്രവാഹമാണ്.

Latest News