മക്ക- ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ പദ്ധതിയായ കുദയ് ടവർ പദ്ധതി നിർമാണ ജോലികൾ സൗദി അറേബ്യ പുനരാരംഭിക്കുന്നു. എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിമൂലം 2015 ൽ പദ്ധതി നിർത്തിവെക്കുകയായിരുന്നു. പതിനായിരം മുറികളും 70 റെേസ്റ്റാറന്റുകളും ഏതാനും ഹെലിപാഡുകളും അടങ്ങിയ പദ്ധതിക്ക് 350 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്.
ടൂറിസം അടക്കമുള്ള തന്ത്രപ്രധാന സാമ്പത്തിക വികസന പദ്ധതികൾക്ക് പണം ചെലവഴിക്കുന്നതിന് വീണ്ടും സന്നദ്ധമാണെന്നതിന്റെ സൂചനയാണ് കുദയ് പദ്ധതി നിർമാണ ജോലികൾ പുനരാരംഭിക്കുന്നതിലൂടെ സൗദി അറേബ്യ നൽകുന്നത്. പ്രതിസന്ധിയിൽ ഉലഞ്ഞ സൗദി ബിൻ ലാദിൻ കമ്പനിയെ ശക്തിപ്പെടുത്തുന്നതിനും ഇത്തരം പദ്ധതികൾ പുനരാരംഭിക്കുന്നത് സഹായിക്കും. എണ്ണ വിലയിടിവു മൂലം നിർമാണ മേഖലയിലുണ്ടായ മാന്ദ്യവും ചെലവു ചുരുക്കൽ നയങ്ങൾ നടപ്പാക്കിയതും സൗദിയിലെ ഏറ്റവും വലിയ കമ്പനിയായ ബിൻ ലാദിൻ കമ്പനിയെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു.
കുദയ് പദ്ധതി നടപ്പാക്കുന്നതിന് ബിൻ ലാദിൻ കമ്പനി ഉപ കരാറുകാരിൽനിന്ന് ടെണ്ടറുകൾ ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം മധ്യത്തോടെ ടെണ്ടറുകൾ സമർപ്പിക്കുന്നതിനാണ് നിർദേശം. സാമ്പത്തിക ഉറവിടങ്ങളെ കുറിച്ച കൂടുതൽ വ്യക്തമായ ചിത്രം ലഭിച്ചതോടെ പ്രധാന പദ്ധതികൾ പൂർത്തിയാക്കുന്നതിന് ബജറ്റിൽ ഒരു ഭാഗം സർക്കാർ നീക്കിവെച്ചതായി ബിൻ ലാദിൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സൗദി ബിൻ ലാദിൻ ഗ്രൂപ്പിന് മൂവായിരം കോടി ഡോളറിന്റെ കടമുണ്ടെന്നാണ് കണക്കാക്കുന്നത്. കുദയ് ഹോട്ടൽ പദ്ധതിക്ക് ധനമന്ത്രാലയമാണ് പണം മുടക്കുന്നത്. എണ്ണ വില ഉയർന്നതും ചെലവുകൾ കുറച്ചതും വഴി ഈ വർഷം സൗദി അറേബ്യ സാമ്പത്തിക നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ ബജറ്റ് കമ്മി 46.5 ബില്യൺ റിയാലായി കുറഞ്ഞതായി ധനമന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ബജറ്റ് കമ്മി 58.4 ബില്യൺ റിയാലായിരുന്നു. ടൂറിസം പോലുള്ള വ്യവസായ മേഖലകൾ വികസിപ്പിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാനത്തിന് എണ്ണയെ അവലംബിക്കുന്നത് കുറക്കുന്നതിനുമാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. കുദയ് ടവർ പദ്ധതി എന്ന് പൂർത്തിയാകുമെന്ന കാര്യം ഉറപ്പില്ല. എന്നാൽ ഇതിന് ചുരുങ്ങിയത് രണ്ടര വർഷമെങ്കിലും എടുക്കുമെന്ന് ചില വൃത്തങ്ങൾ പറഞ്ഞു.






