ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി

ബദോഹി- ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഭാദോഹിയിൽവെച്ച് ബി.ജെ.പി എം‌.എൽ‌.എ രവീന്ദ്രനാഥ് ത്രിപാഠിയും ആറ് പേരും തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായാണ് യുവതി രംഗത്തുവന്നിരിക്കുന്നത്.

2014 ൽ രവീന്ദ്രനാഥ് ത്രിപാഠിയുടെ മരുമകനെ കണ്ടുമുട്ടിയെന്നും വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ വർഷങ്ങളോളം തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടതായും പോലീസ് ഉദ്യോഗസ്ഥൻ രാം ബദാൻ സിങ് പറഞ്ഞു.

2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എം‌.എൽ‌.എയുടെ മരുമകൻ തന്നെ ഒരു മാസത്തോളം ഭാദോഹിയിലെ ഹോട്ടലിൽ താമസിപ്പിച്ചുവെന്നും ഈ സമയത്താണ് എം‌.എൽ‌.എയും കുടുംബത്തിലെ ചിലരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

പരാതി അഡീഷണൽ പോലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Latest News