Sorry, you need to enable JavaScript to visit this website.

അസമിൽ തദ്ദേശീയരായ മുസ്‌ലിംകളെ  കണ്ടെത്താൻ പുതിയ സർവേ പരിഗണനയിൽ 

ഗുവാഹതി- ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) നടപ്പാക്കിയ ഏക സംസ്ഥാനമാണ് അസം. അന്തിമ പട്ടിക പുറത്തിറക്കിയപ്പോൾ 19 ലക്ഷം പേരാണ് പുറത്തായത്. ഇതിൽ ആറ് ലക്ഷത്തോളം മുസ്‌ലിംകളാണെന്നാണ് കണക്ക്. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം (സി.എ.എ) പാസാക്കിയത്. അസമിൽ നടപ്പാക്കിയ എൻ.ആർ.സി.യിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇതിനിടയ്ക്ക് തദ്ദേശീയരായ മുസ്‌ലംകളുടെ കൃത്യമായ കണക്ക് എടുക്കാൻ സംസ്ഥാനത്ത് പ്രത്യേക സർവേ നടത്താനുള്ള ആലോചനയിലാണ് അസമിലെ ബി.ജെ.പി സർക്കാർ. തദ്ദേശീയരായ മുസ്‌ലംകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവേ. നിയമവിരുദ്ധരായ ബംഗ്ലാദേശി കുടിയേറ്റക്കാർ ഒട്ടേറെയുള്ള സംസ്ഥാനമാണ് അസം. എൻ.ആർ.സിയിൽ ബി.ജെ.പിയിലെ പ്രമുഖർ സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. തദ്ദേശീയരായി കണക്കാക്കപ്പെടുന്ന ഗൊരിയ, മൊരിയ, ജോലാ, ദേസി എന്നീ സമൂഹങ്ങളിൽ പെടുന്നവരെ കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം. ഈ സമുദായ നേതാക്കളുടെ ഒരു യോഗം അസം ന്യൂനപക്ഷ ക്ഷേമമന്ത്രി രഞ്ജിത്ത് ദത്ത വിളിച്ചു ചേർത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ ഈ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അസമിൽ 1.3 കോടി മുസ്‌ലിംകളുണ്ട്. 


ഇതിൽ 90 ലക്ഷം പേരും ബംഗ്ലാദേശി വംശജരാണെന്നാണ് കണക്കാക്കുന്നത്. ബാക്കിയുള്ള 40 ലക്ഷം പേർ വിവിധ വിഭാഗത്തിൽപ്പെട്ടവരാണ്. തദ്ദേശീയരായ ഇവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അസം ന്യൂനപക്ഷ വികസന ബോർഡ് ചെയർമാൻ മുമിനുൽ അവ്വൽ പറഞ്ഞു. തദ്ദേശീയരായ മുസ്‌ലിംകളെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ കഴിയുന്നില്ല. അതുകൊണ്ട് കൃത്യമായ രേഖയുണ്ടാക്കുകയാണ് പുതിയ സർവേയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ബംഗ്ലാദേശി വംശജരായ ലക്ഷക്കണക്കിന് ജനങ്ങൾ എൻ.ആർ.സിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എൻ.ആർ.സിയെ വിശ്വാസമില്ലെന്ന് ന്യൂനപക്ഷ ബോർഡ് ചെയർമാൻ പറയുന്നു. ഇപ്പോൾ തദ്ദേശീയരെ കണ്ടെത്താൻ ശ്രമിച്ചില്ലെങ്കിൽ ഒരുവേള എല്ലാ തദ്ദേശീയരും അസമിന് പുറത്താകുന്ന സാഹചര്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
2015 ൽ തദ്ദേശീയരായ മുസ്‌ലിംകളെ കണ്ടെത്താൻ പ്രത്യേക സർവെ നടത്തണമെന്നാവശ്യപ്പെട്ട് തങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നുവെന്നും ന്യൂനപക്ഷ ബോർഡ് ചെയർമാൻ പറഞ്ഞു. 

 

Latest News