ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ധന; ജീവിക്കുന്നത് ഭയത്തോടെയെന്ന് യുഎസ് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ഇന്ത്യയില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരായ ആക്രമണങ്ങളും അസഹിഷ്ണുതയും വര്‍ധിച്ചതായി യു എസ് വിദേശകാര്യ വകുപ്പിന്റെ ഏറ്റവു പുതിയ റിപ്പോര്‍ട്ട്. 2016-ല്‍ രാജ്യത്ത് മതപരമായ അസിഷ്ണുതയും സ്വാതന്ത്ര്യവും ഏറ്റവും മോശം അവസ്ഥയിലായെന്നും ഗോ സരംക്ഷണത്തിന്റെ പേരില്‍ നിരവധി പേര്‍, പ്രധാനമായും മുസ്ലിംകള്‍, വ്യാപകമായി ആക്രമിക്കപ്പെട്ടെന്നും യുഎസ് ചൊവ്വാഴ്ച പ്രിസിദ്ധീകരിച്ച ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 'ഇന്ത്യയില്‍ ഗോ സംരക്ഷണ സംഘടനകള്‍പ്രധാനമായും മുസ്ലിംകള്‍ക്കെതിരെ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകം, ആക്രമണം, കയ്യേറ്റം തുടങ്ങിയ സംഭവങ്ങളില്‍ കഴിഞ്ഞ വര്‍ഷം വര്‍ധന ഉണ്ടായിട്ടുണ്ട്,' യുഎസ് വിദേശ കാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സണ്‍ പറഞ്ഞു. 

ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ഉണ്ടായ കയ്യേറ്റങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പിന്നില്‍ ആര്‍ എസ് എസ്, വിശ്വ ഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹിന്ദു ദേശീയവാദി സംഘടനകളായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. '2016-ല്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ മുസ്ലിംകളേയും ഹിന്ദു വിശ്വാസികളായ ദളിതരേയും ഗോവധം, ബീഫ് വില്‍പ്പന തുടങ്ങിയ ആരോപണങ്ങളുന്നയിച്ച ആക്രമിക്കുകയും തടയുകയും ചെയ്തു,' റിപ്പോര്‍ട്ട് പറയുന്നു. 

 

'പ്രധാനമന്ത്രി നേരന്ദ്ര മോഡി സാമുദായിക സഹിഷ്ണുതയുടേയും മത സ്വാതന്ത്ര്യത്തിന്റേയും പ്രാധാന്യത്തെ കുറിച്ച് പൊതുപരിപാടികളില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ ബിജെപിയുടെ നേതാക്കള്‍ മതസ്വാതന്ത്ര്യം ലംഘിക്കുകയും ചെയ്യുന്ന ഹിന്ദു ദേശീയവാദ സംഘടനകളുമായി കൈകോര്‍ത്തു, സംഘര്‍ഷമുണ്ടാക്കാനായി വംശീയമായി വിദ്വേഷം നിറഞ്ഞ ഭാഷയില്‍ പ്രസംഗിക്കുകയും മതസ്വാന്ത്ര്യം നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു,' യുഎസ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

'ഇന്ത്യയില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതലായി അരക്ഷിത ബോധം വളര്‍ന്നു. ഭയപ്പാടിലാണ് കഴിയുന്നത്. വര്‍ഗീയ ആക്രമണങ്ങളുണ്ടായാല്‍ അഭയം തേടാവുന്ന അധികാരികളുമില്ലാത്ത അവസ്ഥയിലാണ്.' സമുഹത്തിന്റേയും പോലീസിന്റേയും മുന്‍വിധിയോടു കൂടിയുള്ള പെരുമാറ്റവും ആര്‍ എസ് എസിന്റെ ഇടപെടലുകളും കാരണം മുസ്ലിംകള്‍ ആക്രമസംഭവങ്ങള്‍ അപൂര്‍വ്വമായെ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമികള്‍ തങ്ങളെ തീവ്രവാദികളെന്നും പാക്കിസ്ഥാന്‍ ചാരന്മാരെന്നും മുദ്രകുത്തുന്നുതായി മുസ്ലിം സമുദായം പരാതിപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ 300 ആക്രമണ സംഭവങ്ങളുണ്ടായെന്ന് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കണക്കുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. മിഷണറിമാര്‍ക്കെതിരേയും ചര്‍ച്ചുകള്‍ക്കും സ്‌കൂളുകള്‍ക്കുമെതിരേയും ആക്രമണങ്ങള്‍ നടന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘടനയായ കംപാഷന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ പങ്കാളികള്‍ക്ക് വിദേശ പണമിടപാട് നിയമമനുസരിച്ചുള്ള റജിസ്‌ട്രേഷന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Latest News