കൊച്ചി - ഹർത്താൽ ആഹ്വാനം ചെയ്തതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഹർത്താൽ ദിനത്തിൽ സർക്കാരിനും പൊതുജനത്തിനും ഉണ്ടായ നഷ്ടത്തിന് രമേശ് ചെന്നിത്തലയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.
മണിമല പഞ്ചായത്തംഗവും കോൺഗ്രസ് പ്രവർത്തകനുമായ സോജൻ പവിയാനോസ് സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാറും ജസ്റ്റീസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. സമാധാനപരമായി നടന്ന ഹർത്താലിൽ അത് ആഹ്വാനം ചെയ്ത ആളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധ മാർഗമായ ഹർത്താൽ നിരോധിച്ചിട്ടില്ലെന്നും രമേശ് കേസെടുക്കാൻ മാത്രമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവിയിലിരിക്കുന്ന ആൾ ഹർത്താൽ ആഹ്വാനം ചെയ്തത് നിയമവിരുദ്ധമായ നടപടിയാണെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. ഇന്ധന വിലക്കയറ്റത്തിനെതിരെ 2017 ഒക്‌ടോബർ 16നാണ് രമേശ് ചെന്നിത്തല ഹർത്താൽ ആഹ്വാനം ചെയ്തത്.