Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജനങ്ങളോട് പൗരത്വരേഖ ചോദിക്കുന്നത്  ധിക്കാരം -കെ.കെ.എൻ കുറുപ്പ്

കോഴിക്കോട് ജില്ലാ സമസ്ത കോ ഓർഡിനേഷൻ സമിതി വടകരയിൽ നടത്തിയ ജില്ലയിലെ  ഒന്നാം പൗരത്വ സംരക്ഷണ സമ്മേളനം ഡോ: കെ.കെ.എൻ.കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വടകര - രാജ്യത്ത് ന്യൂനപക്ഷ സമുദായത്തേയും ആദിവാസികളേയും പാർശ്വവത്കരിച്ച് വിദ്യാഭ്യാസം നിഷേധിച്ചിട്ട് അവരോട് രേഖ ചോദിക്കുന്നത് തികച്ചും വിവരക്കേടിനപ്പുറത്ത് അഹന്തയും ധിക്കാരവുമാണെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ: കെ.കെ.എൻ.കുറുപ്പ് പറഞ്ഞു. ജനിച്ചു വളർന്ന നാട്ടിൽ തല ചായ്ച്ച് ഉറങ്ങാൻ അനുമതി നേടാൻ അപ്രാപ്യമായ രേഖകൾ ചോദിച്ച് നടക്കുന്ന സർക്കാർ ജനങ്ങൾക്ക് ആദ്യം നൽകേണ്ടത് ആ രേഖ നേടാനുള്ള അറിവിനെയാണ്. ജനങ്ങളുടെ പൗരത്വം ചോദിക്കാനും നിഷേധിക്കാനും സർക്കാരിനധികാരമില്ല. ജനങ്ങളെ ഭിന്നിപ്പിച്ചും മാറ്റി നിർത്തിയും നിയമമുണ്ടാക്കാനും വിധി പുറപ്പെടുവിക്കാനും കോടതിക്ക് പോലും അവകാശമില്ല.


കരിനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നത് അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണ്. ജനകീയ സമരങ്ങളെ അവഗണിച്ചവർക്കൊക്കെ ചരിത്രത്തിലുണ്ടായ പതനം ദയനീയമായിരുന്നു. 
ഈ പൗരത്വ സംരക്ഷണ സമരം മുസ്ലിംകൾക്ക് വേണ്ടി മാത്രമല്ല. ഹിന്ദുത്വ ദേശീയത രാജ്യത്തെ മുഴുവൻ ജനങ്ങളേയും പൗരാണിക അന്ധകാരത്തിലേക്ക് കൊണ്ടു പോകും. അതിനെ ചെറുത്തേ മതിയാകൂ. അറബിക്കടലിൽ നെഞ്ച് വിരിച്ച് നിന്ന് വിദേശികളെ നേരിട്ട മുസ്ലിം യോദ്ധാക്കളെ നിരാകരിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ധിക്കാരം കൂടിയാണ്. അയിത്തവും ഉച്ചനീചത്വവും കാട്ടി സാമൂതിരിയുടെ പട്ടാളത്തിൽ പോലും വിവേചനം നടന്നപ്പോൾ മലബാർ ജനതയെ ഒരു നേതൃത്വത്തിന് കീഴിൽ കൊണ്ട് വന്ന് പടനയിച്ച കുഞ്ഞാലിമരക്കാർമാരേയും ശൈഖ് സൈനുദ്ധീൻ മഖ്ദൂമിനേയും ഓർത്താൽ തന്നെ ഈ രാജ്യം സമ്പൂർണ്ണമായി മുസ്ലിംകളോട് കടപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. 


സമസ്ത കോഴിക്കോട് ജില്ലാ കോഓർഡിനേഷൻ സമിതി വടകരയിൽ നടത്തിയ ' ബഹുസ്വരതയാണ് ഭാരതീയം ' എന്ന പ്രമേയത്തിലെ രാഷ്ട്ര രക്ഷാകാമ്പയിന്റെ ഭാഗമായി ഒന്നാം പൗരത്വ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ സി.എച്ച്.മഹ്മൂദ് സഅദി അധ്യക്ഷത വഹിച്ചു.  എ.വി.അബ്ദുറഹിമാൻ മുസലിയാർ, ആർ.വി.കുട്ടി ഹസ്സൻ ദാരിമി, പി.കെ.ദിവാകരൻ മാസ്റ്റർ, ദിനേഷ് മണി തലക്കളത്തൂർ, എൻ.അഹമ്മദ് മാസ്റ്റർ, അഡ്വ: പി.ഗവാസ്, സലാം ഫൈസി മുക്കം സംസാരിച്ചു. നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. കൺവീനർ ഇ.പി.എ.അസീസ് ദാരിമി സ്വാഗതവും ഫൈസൽ ഫൈസി കാളികാവ് നന്ദിയും പറഞ്ഞു. ജില്ലയിൽ രണ്ടാമത് സമ്മേളനം രാമനാട്ടുകരയിൽ നടക്കും. പ്രമുഖ ചരിത്രകാരൻ ഡോ: കെ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യും. എം.സി. മായിൻഹാജി, കെ.ഇ.എൻ, അഡ്വ: പ്രവീൺ കുമാർ, അബ്ദുറഹിമാൻ രണ്ടത്താണി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ പങ്കെടുക്കും.

 

 

Latest News