പതിനൊന്ന് മണിക്കൂര്‍ കുഴല്‍ കിണറിലകപ്പെട്ട രണ്ടു വയസ്സുകാരനെ പോറലേല്‍ക്കാതെ രക്ഷിച്ചു


ഗുണ്ടൂര്‍- ഉപേക്ഷിച്ച കുഴല്‍ക്കിണറില്‍ വീണ് 15 അടിയോളം താഴ്ചയില്‍ 11 മണിക്കൂര്‍ കൂടുങ്ങിക്കിടന്ന രണ്ടു വസസ്സുകാരനെ പോലീസും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്നു രക്ഷിച്ചു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഉമ്മഡിവാരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. പോലീസ്, ഫയര്‍ ഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ സേന എന്നിവര്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഒരു പോറല്‍ പോലുമേല്‍ക്കാതെയാണ് ബാലനെ സുരക്ഷിതമായി പുറത്തെടുത്തത്.

ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കളിക്കുന്നതിനിടെ കുട്ടി 100 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണത്. ഇതു കണ്ട മതാപിതാക്കള്‍ അലമുറയിട്ട് കരഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമ്മയുടെ വിളിക്ക് ഉത്തരം ലഭിച്ചതോടെ കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു. 5.30-ഓടെ ഫയര്‍ ഫോഴ്‌സും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. 10 മണിയോടു കൂടി കുട്ടിയെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തടസ്സങ്ങള്‍ മൂലം രക്ഷാ പ്രവര്‍ത്തനം നീണ്ടു. കുട്ടി തങ്ങിക്കിടക്കുന്ന ഭാഗത്തേക്ക്് മണ്ണ് തുരന്ന് മറ്റൊരു ദ്വാരമുണ്ടാക്കിയായിരുന്ന രക്ഷാ പ്രവര്‍ത്തനം. കുഴല്‍ കിണറിലേക്ക് ഓക്‌സിജന്‍ പമ്പു ചെയ്്തു. ദുരന്ത നിവാരണ സേനയുടെ റോബോട്ടിക് ഹാന്‍ഡും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. 

Related image

ബുധനാഴ്ച പുലര്‍ച്ചെ 3.15-ഓടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. സ്ഥലത്തെത്തിയ ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിനെ പരിശോധിച്ച് പരിക്കുകളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. നിര്‍ജ്ജലീകരണം മാത്രമാണ് കുട്ടിയുടെ പ്രശ്‌നമെന്നും അവര്‍ അറിയിച്ചു.   

Latest News