തിരുവനന്തപുരം- സംസ്ഥാനത്ത് കഴിഞ്ഞ വർഷം 4439 പേർ വാഹനാപകടത്തിൽ മരിച്ചുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അലക്ഷ്യമായ ഡ്രൈവിംഗ്, അമിത വേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയാണ് അപകടങ്ങൾക്ക് കാരണം. 2019 ൽ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് 2.67 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്യുകയും 33.80 കോടി പിഴ ഈടാക്കുകയും ചെയ്തു. ഇക്കാലയളവിൽ നിയമം ലംഘിച്ച് 28,020 ലൈസൻസുകൾ റദ്ദാക്കിയെന്ന് യു.പ്രതിഭ, കാരാട്ട് റസാക്ക്, പി.കെ ശശി, ജോൺ ഫെർണാൺഡസ്, എ.എം ഷംസീർ, ബി.സത്യൻ, എ.പ്രതീപ് കുമാർ, കെ. ആൻസലൻ, കെ.സുരേഷ് കുറുപ്പ്, വി.എസ് ശിവകുമാർ, ടി.ജെ വിനോദ്, അനിൽ അക്കര എന്നിവരെ മന്ത്രി അറിയിച്ചു. സ്‌കൂൾ വാഹനങ്ങളിൽ ആയമാരെ നിയമിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്ക ണമന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. ഇതോടൊപ്പം വാഹനത്തന്റെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കും. ഈ മാസം അവസാനത്തോടെ ആംബുലൻസുകളിൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുമെന്നും ഇത് ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠന യാത്രക്കായി പോകുന്ന ടൂറിസ്റ്റ് ബസുകൾ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് ഏഴ് ബസുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.