Sorry, you need to enable JavaScript to visit this website.

കാറ്ററിംഗ് മേഖലയും അജീർ പരിധിയിൽ ഉൾപ്പെടുത്തി

  • 2019 ൽ സൗദിയിലെത്തിയത് അഞ്ചു ലക്ഷം വീട്ടുവേലക്കാർ


റിയാദ്- കഴിഞ്ഞ വർഷം വിദേശങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത് അഞ്ചു ലക്ഷം വിസകൾ. കഴിഞ്ഞ വർഷം മന്ത്രാലയം അനുവദിച്ച തൊഴിൽ വിസകളിൽ 38.4 ശതമാനം ഗാർഹിക തൊഴിലാളികൾക്കായിരുന്നു. 2019 ൽ ആകെ 13 ലക്ഷത്തോളം തൊഴിൽ വിസകളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. 2018 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം തൊഴിൽ വിസകളുടെ എണ്ണത്തിൽ 116 ശതമാനം വർധന രേഖപ്പെടുത്തി. 2018 ൽ ആകെ ആറു ലക്ഷം തൊഴിൽ വിസകളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. 


ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള മഅ്‌റൂഫ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു. സൗദിയിൽ തൊഴിൽ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുൻകൂട്ടി ലഭ്യമാക്കുന്ന സേവനമാണ് മഅ്‌റൂഫ. ഇതിൽ പരസ്യപ്പെടുത്തുന്ന തൊഴിലാളികളുടെ ബയോഡാറ്റ പരിശോധിച്ച് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വേലക്കാരെ സൗദിയിലെത്തിക്കുന്നതിനും മഅ്‌റൂഫ സേവനം സ്‌പോൺസർമാരെയും സൗദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെയും സഹായിക്കുന്നു. 
ആദ്യ ഘട്ടത്തിൽ ഫിലിപ്പൈൻസിൽനിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനാണ് ഈ സേവനം നടപ്പാക്കിയത്. റിക്രൂട്ട്‌മെന്റ് നിരക്കുകൾ കുറക്കുന്നതിനും റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കുന്നതിനും ഈ സേവനം സഹായകമായി. 
അതിനിടെ, കാറ്ററിംഗ്, ഭക്ഷ്യവസ്തു മേഖലയെക്കൂടി അജീറിൽ ഉൾപ്പെടുത്തി. ഇതോടെ അജീർ പോർട്ടൽ വഴി താൽക്കാലിക കരാർ അടിസ്ഥാനത്തിൽ തൊഴിലാളി കൈമാറ്റത്തിന് സാധിക്കുന്ന മേഖലകളുടെ എണ്ണം അഞ്ചായി ഉയർന്നു. 


വിദേശങ്ങളിൽനിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം സൗദിയിലുള്ള തൊഴിലാളികളെ നിയമാനുസൃതം പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്ന സേവനമാണ് അജീർ. സ്വകാര്യ സ്ഥാപനങ്ങളുടെ പക്കൽ അധികമുള്ള തൊഴിലാളികളെയും തൽക്കാലം ആവശ്യമില്ലാത്ത തൊഴിലാളികളെയും സ്‌പോൺസർഷിപ്പ് മാറാതെ നിശ്ചിത കാലത്തേക്ക് മറ്റു സ്ഥാപനങ്ങൾക്ക് നിയമാനുസൃതം കൈമാറുന്നതിന് അജീർ സേവനം അവസരമൊരുക്കുന്നു. 


സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന അജീർ പോർട്ടൽ വഴിയാണ് പുതിയ സേവനം നൽകുന്നത്. നിയമവിരുദ്ധമായി സ്‌പോൺസർ മാറി ജോലി ചെയ്യൽ അടക്കം തൊഴിൽ വിപണിയിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും കുറഞ്ഞ സമയത്തിനുള്ളിൽ സൗദി അറേബ്യക്കകത്തുനിന്നു തന്നെ പരിചയ സമ്പന്നരായ തൊഴിലാളികളെ ലഭ്യമാക്കുന്നതിനും പുതിയ സേവനം സഹായിക്കുന്നു. 2014 ലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അജീർ സേവനം ആരംഭിച്ചത്. നിർമാണം, കൃഷി, ഫാർമസി, ആരോഗ്യ മേഖല എന്നീ നാലു മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കിടയിൽ അജീർ വഴി തൊഴിലാളി കൈമാറ്റത്തിനാണ് നേരത്തെ അവസരമുണ്ടായിരുന്നത്. 

 

Latest News