Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വദേശികൾക്ക് തൊഴിൽ നൽകുന്ന വിദേശ നിക്ഷേപങ്ങൾ ആകർഷിക്കും -മന്ത്രി

റിയാദ് - സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മികച്ച വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി വെളിപ്പെടുത്തി. അൽബാഹയിൽ നിക്ഷേപ ഉത്തേജനങ്ങളെ കുറിച്ച് സംഘടിപ്പിച്ച ഓപൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് വിദേശ നിക്ഷേപങ്ങൾ പ്രയോജനപ്പെടേണ്ടതുണ്ട്.  


സൗദി അറേബ്യയിൽ കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ 10.2 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 4.7 ബില്യണിലേറെ ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. സൗദി വിപണിയിൽ മികച്ച വിഹിതം സ്വദേശി വനിതകൾ സ്വന്തമാക്കിയിട്ടുണ്ട്. സൗദി വനിതകൾക്കു കീഴിൽ രാജ്യത്ത് 1,74,000 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് പത്തു ലക്ഷത്തിലേറെ കമ്പനികളും സ്ഥാപനങ്ങളുമുണ്ട്. 


സൗദിയിൽ ഓൺലൈൻ വ്യാപാര വിപണി 8000 കോടി റിയാലായി ഉയർന്നിട്ടുണ്ട്. ലോകത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ പതിമൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ. ബിനാമി ബിസിനസ്, വാണിജ്യ വഞ്ചനാ കേസുകളെ കുറിച്ച പരാതികൾ 17 ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. അൽബാഹയിൽ എമ്പാടും നിക്ഷേപാവസരങ്ങളുണ്ട്. പ്രവിശ്യയിൽ 12,000 ലേറെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ടെന്നും ഡോ. മാജിദ് അൽഖസബി പറഞ്ഞു. 


ഏഴു മണിക്കൂർ നീണ്ട അൽബാഹ സന്ദർശനത്തിനിടെ ഡോ. മാജിദ് അൽഖസബി അൽബാഹ യൂനിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച ചെറുകിട സ്ഥാപന എക്‌സിബിഷൻ സന്ദർശിച്ചു. അൽബാഹ മേയർ ഡോ. അലി അൽസവാതുമായും നഗരസഭയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും നഗര സമിതി അംഗങ്ങളുമായും മന്ത്രി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. പൗരന്മാരുടെ പരാതികളും ആവലാതികളും കേട്ട മന്ത്രി അൽഹുസാം അവാർഡ് വിതരണ ചടങ്ങിൽ സംബന്ധിക്കുകയും കോൺട്രാക്ടർമാരുമായി ചർച്ച നടത്തുകയും ചെയ്തു. 


 

Latest News