ബീജിങ്- നവജാത ശിശുവിനെ അമ്മ കവറില്‍ പൊതിഞ്ഞ് അനാഥാലയത്തിലേക്ക് പാര്‍സലയച്ചു. 24-കാരിയായ ചൈനീസ് യുവതിയാണ് തന്റെ നവജാത ശിശുവിനെ ഉപേക്ഷിക്കാന്‍ ഈ ക്രൂരമാര്‍ഗം സ്വീകരിച്ചത്. സിചുവാന്‍ പ്രവിശ്യയിലെ ഫെഷൗ ചില്‍ഡ്രന്‍ വെല്‍ഫയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന അനാഥാലത്തിലേക്കാണ് പ്ലാസ്റ്റിക് കവറില്‍ നന്നായി പൊതിഞ്ഞ് കൊറിയര്‍ക്കാരന്റെ കൈവശം പാര്‍സല്‍ യുവതി കൊടുത്തുവിട്ടത്. സംശയം തോന്നിയ തപാല്‍ക്കാരന്‍ പൊതിക്കുള്ളിലെ വസ്തു പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരിക്കലും തുറക്കരുതെന്ന്് യുവതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വഴിമധ്യേ ഒരു പിഞ്ചു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് കൊറിയര്‍കാരന്‍ തന്റെ കയ്യിലുള്ള പൊതി അഴിച്ചു നോക്കിയത്. കവറിനുള്ളില്‍ ഏതാനും ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു പിഞ്ചു പെണ്‍കുഞ്ഞിനെ കണ്ട് അമ്പരന്ന തപാല്‍ക്കാരന്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ച് കാര്യമറിയിച്ചു.
തപാല്‍ക്കാരന്‍ വഴിമധ്യേ പൊതിയഴിച്ച് കുഞ്ഞിനെ പരിചരിക്കുന്ന വീഡിയോ ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ വൈറലായതോടെ വലിയ പ്രതിഷേധവും ഉയര്‍ന്നു. പൊതിക്കുള്ളിലെ കുഞ്ഞിന്റെ ചുണ്ടില്‍ തപാല്‍ക്കാരന്‍ വെള്ളം തൊട്ടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിച്ചത്. കാണാനായി നിരവധി പേര്‍കൂട്ടം കൂടിയതും കാണാം.
പോലീസെത്തി ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി. കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റി്‌പ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് പോലീസ് കുഞ്ഞിന്റെ 24-കാരിയായ അമ്മയെ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്തു. ചൈനീസ് നിയമപ്രകാരം കുഞ്ഞിനെ ഉപേക്ഷിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.