Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീടും നാടും കാണാതെ 25 വർഷം; രോഗം തളർത്തിയ പ്രവാസി ഒടുവിൽ ജീവനൊടുക്കി

ജിദ്ദ- റിയാദ്-ജിദ്ദ എക്‌സ്പ്രസ്‌വേയിലെ ഹൊമയ്യാത്ത് എന്ന സ്ഥലത്ത് കഴിഞ്ഞ കാൽ നൂറ്റാണ്ടായി ടയർ പഞ്ചർ കടയിൽ ജോലി ചെയ്തു വന്നിരുന്ന ആലപ്പുഴ കൊഴുവല്ലൂരിലെ വള്ളിയന്തറ ദിവാകരന്റെ മകൻ പ്രകാശനെ (52) താമസിച്ചിരുന്ന റൂമിനകത്തെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്ത് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹമാണ്, പോലീസ് കണ്ടെത്തിയതെന്ന് സമീപവാസികളായ പ്രവാസികൾ മലയാളം ന്യൂസിനോട് പറഞ്ഞു. സ്‌പോൺസറിൽനിന്ന് അനന്തര നടപടികൾക്കായുള്ള രേഖകൾക്കായി കാത്തിരിക്കുകയാണിവർ. മരണ വിവരം അഫീഫ് മലയാളി സമാജം ഭാരവാഹി ഷാജി ആലുവ ഇന്നലെ ആലപ്പുഴയിൽ പ്രകാശന്റെ വീട്ടിൽ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണെന്നും ഷാജി പറഞ്ഞു. 
ദുർഗന്ധം സഹിക്കാനാവാതെ സമീപത്തുള്ളവർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് മുറി ചവിട്ടിത്തുറന്നത്. മൃതദേഹം ഇപ്പോൾ ഹൊമയ്യാത്തിൽനിന്ന് 150 കിലോമീറ്ററകലെ അഫീഫ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. 
അമ്മയും അഞ്ച് സഹോദരിമാരുമാണ് പ്രകാശനുള്ളത്. കുടുംബ പ്രാരബ്ധത്തെത്തുടർന്നാണ് ഇതുവരെ നാട്ടിൽ പോകാൻ കഴിയാതിരുന്നതത്രെ. അവിവാഹിതനാണ്.
1992 ൽ കൺസ്ട്രക്ഷൻ കമ്പനി വിസയിൽ ഹൊമയ്യാത്തിലെത്തി ചെറിയൊരു കാർ വർക്ക് ഷോപ്പും ടയർ പഞ്ചർ കടയും നോക്കി നടത്തുകയായിരുന്നു. അഞ്ചു സഹോദരിമാരേയും കെട്ടിച്ചയച്ചത് പ്രകാശനായിരുന്നു. നാട്ടിൽ പോകുന്ന കാര്യം സുഹൃത്തുക്കൾ പറയുമ്പോൾ ഏറ്റവും ഇളയ പെങ്ങളുടെ കല്യാണം കൂടി കഴിയട്ടെയെന്ന് പറയുമായിരുന്നുവെന്ന് പ്രകാശൻ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന റസ്റ്റോറന്റിലെ മലയാളിയായ റഹീം പറഞ്ഞു. ഇളയ പെങ്ങളുടെ കല്യാണം ഈയിടെ കഴിഞ്ഞു. അതിനിടെ അമ്മ ഒരു വശം തളർന്ന് കിടപ്പിലായി. 
നീണ്ട 25 കൊല്ലത്തിനുശേഷം നാട്ടിൽ പോകാൻ തയാറെടുത്തുവരവേയാണ് കഴിഞ്ഞ റമദാനിൽ പ്രകാശന്റെ കാൽവിരലുകളിൽ എന്തോ തരിപ്പ് അനുഭവപ്പെട്ടതും തുടർന്ന് നടക്കാൻ പ്രയാസപ്പെടേണ്ടിവന്നതും. ഒരു ഭാഗം തളർന്ന അവസ്ഥയായതോടെ ഏതാനും മാസങ്ങളായി പ്രകാശൻ കിടപ്പിലായിരുന്നു. മതിയായ ചികിൽസയുടെ അഭാവവും ഏകാന്തതയും ഈ പ്രവാസിയെ മാനസികമായും ഏറെ തളർത്തിയിരുന്നുവത്രേ. അസുഖം കൂടിയതിനാൽ നടക്കാനും ജോലി ചെയ്യാനും സാധിക്കാതായി. കടുത്ത മാനസികസമ്മർദ്ദത്താലാവണം, ജീവിതം സ്വയം അവസാനിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. 
തനിച്ച് റൂമിലിരുന്ന പ്രകാശന് സ്ഥിരമായി ഭക്ഷണം കൊടുത്തയച്ചിരുന്നത് കൊല്ലം ചടയമംഗലം സ്വദേശിയായ റഹീമായിരുന്നു. ഒരാഴ്ച മുമ്പ് ഭക്ഷണം എത്തിച്ചപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. പ്രകാശൻ ഏതെങ്കിലും സുഹൃത്തുക്കളെ കാണാൻ പോയതായിരിക്കുമെന്നാണ് ഇവർ ധരിച്ചത്. ഒരാഴ്ചയായിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മുറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നതും ജീവനൊടുക്കിയ നിലയിൽ പ്രകാശനെ കണ്ടെത്തുന്നതും.


 

Latest News