Sorry, you need to enable JavaScript to visit this website.

ഫാസിസം ഗ്രസിക്കുന്ന  ഇന്ത്യൻ നന്മകൾ  

രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷത്തിലാണ് 2020 - 21 വാർഷിക ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ചിടത്തോളം ബജറ്റ് എന്നത് സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രസ്താവന മാത്രമല്ല. ബജറ്റ് രൂപീകരിക്കുന്നതിൽ സാമ്പത്തിക ശാസ്ത്രത്തിന് ശ്രദ്ധേയമായ പങ്കുണ്ട്. അതുപോലെ പ്രധാനപ്പെട്ടതാണ് ബജറ്റിന്റെ അന്തർധാരയായി പ്രവർത്തിക്കുന്ന നയങ്ങളും ദർശനങ്ങളും. ഈ പ്രക്രിയകൾ ഒരുമിച്ച് ചേരുമ്പോഴാണ് ശ്രദ്ധേയമായ ഒരു ബജറ്റ് രൂപപ്പെടുന്നത്. ഇക്കാര്യങ്ങളെല്ലാം ബജറ്റ് തയാറാക്കുക, അവതരിപ്പിക്കുക, ചർച്ച ചെയ്യുക തുടങ്ങിയ ഘട്ടങ്ങളിൽ പ്രകടമാകാറുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിച്ചതെന്നത് ഏറെ പ്രസക്തമാണ്. രാജ്യത്തെ ജനങ്ങളോടുള്ള സമീപനമാണ് ഭരണഘടനയുടെ പ്രസക്തി. രാജ്യത്തെ ജനങ്ങളാണ് ഭരണഘടന സൃഷ്ടിച്ചതും അതിന്റെ ഉടമകളുമെന്നതിൽ തർക്കമില്ല.
രാജ്യത്തെ പരമാധികാരം, ജനാധിപത്യം, സോഷ്യലിസം, എന്നിവയാണ് നമ്മുടെ രാഷ്ട്രീയം. സദാചാര ബോധം എന്നിവയുടെ അടിസ്ഥാനം. ഭരണഘടന വിഭാവനം ചെയ്യുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഘടകങ്ങളിൽ വിട്ടുവീഴ്ച അനുവദനീയമല്ല. 


ദാർശനികമായ അർത്ഥത്തിൽ പറഞ്ഞാൽ ഒരു ബജറ്റ് രാജ്യത്തെ ഭരണഘടന, നിർദേശക തത്വങ്ങൾ എന്നിവയോട് നീതി പുലർത്തണം. എന്നാൽ അധികാരത്തിലിരിക്കുന്ന സർക്കാറുകൾ ഇക്കാര്യം അവഗണിക്കുന്നു. അതുകൊണ്ടാണ് രാജ്യത്തെ ഒരു ശതമാനം വരുന്നവർ രാജ്യത്തെ 954 ദശലക്ഷം വരുന്ന പാവപ്പെട്ടവരേക്കാൾ നാല് മടങ്ങ് സ്വത്ത് കൈയടക്കി വെച്ചിരിക്കുന്നത്. എല്ലാ പേർക്കുമൊപ്പം, എല്ലാ പേരുടെയും വികസനം എന്ന മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി നേതാക്കൾ തന്നെയാണ് ഇത്തരത്തിലുള്ള വരുമാന അസമത്വം സൃഷ്ടിക്കുന്നതിനുള്ള മുഖ്യ കാരണക്കാർ.
പാവപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ എന്ന് ബജറ്റ് പ്രസംഗത്തിൽ നിരവധി തവണയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിച്ചത്. എന്നാൽ ബജറ്റ് പ്രഖ്യാപനങ്ങൾ പഴയ പടിയിലുള്ളതു തന്നെ. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വർധിക്കുന്നത് ഭരണഘടനക്കു പോലും ഭീഷണിയാണ്. ഏത് മുഴക്കോൽ വെച്ച് അളന്നാലും നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കോർപറേറ്റ് അനുകൂലം തന്നെയാണ്. ഇവരുടെ സ്വദേശി മന്ത്രങ്ങൾ തികച്ചും പൊള്ളയാണെന്ന് ഇതിലൂടെ വ്യക്തം. 


മോഡി സർക്കാറിന്റെ കോർപറേറ്റ് അനുകൂല നിലപാടുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കി. മോഡി സർക്കാർ നടപ്പാക്കിയ നോട്ട് പിൻവലിക്കൽ, ജി.എസ്.ടി എന്നീ വിനാശകരമായ തീരുമാനങ്ങൾ സംബന്ധിച്ച് ബി.ജെ.പിക്കും സംഘപരിവാറിനും ഒരു വാക്കു പോലും ഉരിയാടാൻ കഴിയുന്നില്ല. ബി.ജെ.പി - സംഘപരിവാർ ഭരണത്തിൽ തൊഴിലില്ലായ്മ വർധിച്ചു, ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം അറുതി ഇല്ലാതെ തുടരുന്നു, മൊത്തം ആഭ്യന്തര ഉൽപാദനം ഗണ്യമായി കുറഞ്ഞു, ജനങ്ങളുടെ വാങ്ങൽ ശേഷിയും ഗണ്യമായി കുറഞ്ഞു.
അതിനിടെയാണ് അടുത്ത സാമ്പത്തിക വർഷം രാജ്യത്തെ വളർച്ചാനിരക്ക് പത്ത് ശതമാനമാകുമെന്ന മോഡി സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. മറ്റു സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനാകാതെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എൽ, എൽ.ഐ.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നു. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളെ സ്വകാര്യവൽക്കരിക്കുമെന്ന് ബജറ്റിൽ പറയുന്നു. 


കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. കൂടുതൽ സമ്പത്ത് സൃഷ്ടിക്കുന്നത് സംബന്ധിച്ച നിരവധി പരാമർശങ്ങളാണ് ബജറ്റിലുള്ളത്. എന്നാൽ തങ്ങളുടെ ചോരയും നീരും ഒഴുക്കി സമ്പത്ത് സൃഷ്ടിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ സംബന്ധിച്ച പരാമർശങ്ങളില്ല. തൊഴിലാളികളെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്.


സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് പോലും പല ഘട്ടങ്ങളിലും സർക്കാറിനെ വിമർശിച്ച് രംഗത്തെത്തുന്നുണ്ട്. ബജറ്റിന്റെ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും ബി.ജെ.പി - സംഘപരിവാർ ആശയങ്ങളുമായി ഏറെ ബന്ധമുണ്ട്. ഫാസിസം എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ബജറ്റിലെ ഭൂരിഭാഗം നിർദേശങ്ങളും. ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ നടപ്പാക്കാനുള്ള മോഡി സർക്കാറിന്റെ തീരുമാനം വ്യക്തമായ വീക്ഷണ കോണിൽ നിന്നും നോക്കിയാൽ ഇക്കാര്യം ബോധ്യമാകും.
സമാന ലക്ഷ്യങ്ങളായിരുന്നു മുത്തലാഖ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ തീരുമാനങ്ങളുടെ പിന്നിലും ഉണ്ടായിരുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ഇതിന്റെ പിന്നിലുള്ള പ്രധാന ലക്ഷ്യം. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ ലംഘിച്ചുള്ള നിയമ നിർമാണങ്ങൾ നടത്തുന്നത് ബി.ജെ.പി സർക്കാറിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സംഭവമല്ല. 


രാജ്യത്തിന്റെ ഭാവിയെ ഫാസിസം ഗ്രസിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ആഗോള കുത്തകകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ് ഫാസിസ്റ്റ് നിലപാടുകൾ. 
രാജ്യത്തെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ജനങ്ങളുടെ രോഷവും അസംതൃപ്തിയും ബി.ജെ. പിക്ക് തികച്ചും ബോധ്യമുണ്ട്. ഈ അവസ്ഥ അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കോട്ടം തട്ടുമെന്ന കാര്യവും അവർക്ക് വ്യക്തമാണ്. വർഗീയതയുടെ വിത്തുകൾ പാകി ജനരോഷത്തിൽ നിന്നും രക്ഷപ്പെടുന്ന തന്ത്രമാണ് ഫാസിസ്റ്റുകൾ എന്നും സ്വീകരിക്കുന്നത്. അയോധ്യാ വിഷയം മുതൽ സി.എ.എ വരെയുള്ള ബി.ജെ.പി സർക്കാറിന്റെ നിലപാടുകൾ ഈ ഫാസിസ്റ്റ് തന്ത്രങ്ങളാണ് ദൃശ്യമാക്കുന്നത്. ഈ സാഹചര്യത്തിൽ ജനവിരുദ്ധ ബജറ്റിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാക്കണം. പോരാട്ടങ്ങൾ ബജറ്റിനെതിരെ മാത്രമാകരുത്. തികച്ചും വിശാലവും ലക്ഷ്യബോധമുള്ളതുമാകണം. സി.എ.എ, എൻ.ആർ. സി, എൻ.പി.ആർ എന്നിവക്കെതിരെയും ശക്തമായ പോരാട്ടങ്ങൾ തുടരണം. 
 

Latest News