Sorry, you need to enable JavaScript to visit this website.

സീഡിംഗ് കേരള 2020: സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചത് 

70 കോടിയുടെ നിക്ഷേപംസീഡിംഗ് കേരള 2020 ൽ ട്രിവാഗോയുടെ സഹസ്ഥാപകൻ റോൾഫ് ഷ്‌റോംജെൻസ് സംസാരിക്കുന്നു. 

കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമമായ സീഡിംഗ് കേരളയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ലഭിച്ചത് 70 കോടി രൂപയുടെ നിക്ഷേപം. സീഡിംഗ് കേരളയുടെ സമാപനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.  നിക്ഷേപം ലഭിച്ച പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഇവയാണ്: തൊഴിൽ മത്സര പരീക്ഷകളിൽ സഹായിക്കുന്ന ആപ്പായ എൻട്രിയിൽ  ഗുഡ് കാപിറ്റൽ വെഞ്ച്വർ കാപിറ്റൽ ഫണ്ടാണ് നിക്ഷേപം നടത്തിയത്.


ബാഡ്മിന്റൺ, ഫുട്‌ബോൾ എന്നിവ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ക്ലബ് ശൃംഖലയായ സ്‌പോർട്‌സ്ഹുഡിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഫണ്ടാണ് നിക്ഷേപത്തിനു തയാറായിരിക്കുന്നത്. പത്തു ഭാഷകളിൽ വേദാഷ്ഠിത ജ്യോതിഷ സേവനങ്ങൾ നൽകുന്ന ആസ്‌ട്രോവിഷനിൽ വിവാഹ വെബ്‌പോർട്ടലായ മാട്രിമോണി ഡോട് കോമും ഡയപ്പറുകൾ ഉണ്ടാക്കുന്ന ബംബെറിയിൽ കേരള എയ്ഞ്ജൽ നെറ്റ്‌വർക്കിലെ ഒരു സംഘം നിക്ഷേപകരും നിക്ഷേപത്തിന് സന്നദ്ധമായിട്ടുണ്ട്. മറ്റേണിയ കെയർ ടെക്‌നോളജീസിന്റെ ഐ ലൗ നയൻ മന്ത്‌സ് എന്ന ഉൽപന്നത്തിൽ  അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്വിഫിൻ വെഞ്ച്വേഴ്‌സ് ആണ് നിക്ഷേപിമിറക്കുക. നിർമിത ബുദ്ധി ഉപയോഗിച്ച് ബാങ്കിംഗ്, ആശുപത്രി തുടങ്ങിയ മേഖലയിലെ എച്ച്.ആർ സേവനങ്ങളും നിയമനങ്ങളും ഏകോപിപ്പിക്കുന്ന സാപ്പി ഹയർ ആപ്പിൽ സ്മാർട്ട് സ്പാർക്‌സാണ് നിക്ഷേപം നടത്തുക. പൊതു സുരക്ഷ, വനിതാ സുരക്ഷ എന്നിവയിൽ പ്രവർത്തിക്കുന്ന റെഡ് ബട്ടൺ റോബോട്ടിക് സിസ്റ്റത്തിന് പവിഴം ഗ്രൂപ്പ് നൽകുന്ന സാമൂഹ്യ പ്രതിബദ്ധത ഫണ്ട് കൈമാറുന്ന ചടങ്ങും സീഡിംഗ് കേരളയിൽ നടന്നു. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത വാട്ട്എസേൽ എന്ന സംരംഭത്തിൽ കെ.എസ്.യു.എം നിക്ഷേപിച്ച ആറു ലക്ഷം രൂപ തിരികെ നൽകുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.

നിക്ഷേപത്തിന് ഏറ്റവും അനുയോജ്യം 
സ്റ്റാർട്ടപ്പുകളെന്ന് ട്രിവാഗോ സഹ സ്ഥാപകൻ
ഭാവിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നതാണ് വലിയ കമ്പനികളിൽ നിക്ഷേപിക്കുന്നതിനേക്കാൾ മെച്ചമെന്ന് പ്രമുഖ ഹോട്ടൽ തിരയൽ ആപ്പായ ട്രിവാഗോയുടെ സഹസ്ഥാപകൻ റോൾഫ് ഷ്‌റോംജെൻസ് പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമമായ സീഡിംഗ് കേരള 2020 ലെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം മാത്രമല്ല, നിക്ഷേപകന്റെ മനസ്സു കൂടി സ്റ്റാർട്ടപ്പുകളിലേക്ക് പോകുന്നുണ്ട്. സ്റ്റാർട്ടപ്പുകളുടെ സുഗമമായ ഭാവിക്ക് നിക്ഷേപകനും സംരംഭകനും തമ്മിൽ സാങ്കേതികവിദ്യ സംബന്ധിച്ച കാഴ്ചപ്പാട് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.


ബഹിരാകാശത്തെ കൃത്രിമ ഉപഗ്രഹങ്ങളിൽ 35 ശതമാനം ഇന്ത്യയിൽ നിന്നാണെന്ന് എക്‌സീഡ് സ്‌പേസ് സ്ഥാപകൻ മഹേഷ് മൂർത്തി ചൂണ്ടിക്കാട്ടി. വലിയ സാധ്യതയാണ് ഈ രംഗത്തുള്ളത്. വളരെയെളുപ്പം ശ്രദ്ധിക്കപ്പെടാവുന്ന മേഖലയാണ് ബഹിരാകാശ സാങ്കേതിക വിദ്യയെന്ന് ധ്രുവ സ്‌പേസിന്റെ സ്ഥാപകൻ സഞ്ജയ് നിക്കാന്തി പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് വിദഗ്‌ധോപദേശമാണ് ഏറെ പ്രധാനമായ കാര്യമെന്ന് ഒറിയോൺ വെഞ്ച്വേഴ്‌സിന്റെ വൈസ് പ്രസിഡന്റ് വിനിത് ബൻസാലി പറഞ്ഞു. ദിശാബോധത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും സ്റ്റാർട്ടപ്പുകളുടെ ഭാവി ശോഭനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 


രാജ്യത്തെ സ്റ്റാർട്ടപ്പുകൾ നിക്ഷേപ സമാഹരണത്തിന് ഓഹരി വിപണിയിലിറങ്ങണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ  ക്രിസ് ഗോപാലകൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ന് രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പുകളെല്ലാം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. ഈ സ്ഥിതി മാറി രാജ്യത്തെ പൊതുജനങ്ങളുടെ പക്കൽ ഈ കമ്പനികളുടെ ഓഹരി ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 


സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികളുടെ നിക്ഷേപ കൂട്ടായ്മ രൂപീകരിക്കാൻ ആലോചിക്കുകയാണെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ് ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. ഏതാണ്ട് 36,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയാണ് ഇവരിലൂടെ സ്റ്റാർട്ടപ്പുകൾക്കുള്ളത്. ഇതിൽ പത്തു ശതമാനം ഉപയോഗപ്പെടുത്താനായാൽ അത് വലിയ മാറ്റം നിക്ഷേപ അന്തരീക്ഷത്തിൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 500 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ കുറഞ്ഞത് അഞ്ച് സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ഓഹരി വിപണിയിലേക്കെത്തിക്കാനാണ് പരിശ്രമമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് വെളിപ്പെടുത്തി. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 80 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, 100 നിക്ഷേപക ശേഷിയുള്ളവർ, പത്ത് മികച്ച നിക്ഷേപങ്ങൾ, 14 എയ്ഞ്ചൽ ശൃംഖലകൾ, 30 നിക്ഷേപകർ, 30 സ്റ്റാർട്ടപ്പ് സ്ഥാപകർ, 30 കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവയാണ് സീഡിംഗ് കേരളയിൽ പങ്കെടുത്തത്.

 


 

Latest News