Sorry, you need to enable JavaScript to visit this website.

ചെമ്മീൻ വിത്തുകളുടെ ഗുണമേന്മക്ക് ആന്റിബയോട്ടിക് ഫ്രീ സർട്ടിഫിക്കേഷൻ  സോഫ്റ്റ്‌വെയർ 

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അമാൽഗം ഗ്രൂപ്പ് ചെയർമാൻ അബ്രഹാം ജെ. തരകൻ ഏറ്റുവാങ്ങുന്നു.
ഏറ്റവും ഉത്തരവാദിത്തമുള്ള കയറ്റുമതി സ്ഥാപനത്തിനുള്ള അവാർഡ് മഹാരാഷ്ട്രയിലെ ഗാദ്‌റെ മറൈൻ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ഏറ്റുവാങ്ങുന്നു

രോഗ രഹിത ചെമ്മീൻ കുഞ്ഞുങ്ങൾ ഉറപ്പു വരുത്തുന്നതിനും രാജ്യാന്തര വിപണികളിൽ അവയുടെ ഗുണനിലവാരത്തിന്റെ ആധികാരികത തെളിയിക്കുന്നതിനുമുള്ള അത്യാധുനിക  സർട്ടിഫിക്കേഷൻ പദ്ധതിയായ ഷഫാരി സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) പുറത്തിറക്കി.
രാജ്യത്തെ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കുന്ന വിത്തുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന്  ഈ പദ്ധതി സഹായകമാകുമെന്ന് എം.പി.ഇ. ഡി.എയുടെയും സീഫുഡ് എക്‌സ്‌പോർട്ട് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ നടന്ന ഇരുപത്തിരണ്ടാമത് ഇന്ത്യാ ഇന്റർനാഷണൽ സീഫുഡ് ഷോയുടെ (ഐ.ഐ.എസ്.എസ്) ഉദ്ഘാടനത്തിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.


സൂപ്പർ ബഗുകൾ എന്നറിയപ്പെടുന്നതും  മരുന്നുകളെ  പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ബാക്ടീരിയകളുടെ ദ്രുതഗതിയിലുള്ള വളർച്ച ലോക രാജ്യങ്ങൾ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കം. പൊതുജനാരോഗ്യം കണക്കിലെടുത്ത് ആന്റിബയോട്ടിക്കുകളെ  പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളുടെ ആവിർഭാവം ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും തിരിച്ചറിഞ്ഞിട്ടുണ്ട്.  ഭരണ സമിതി സാക്ഷ്യപ്പെടുത്തിയ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് ആന്റിബയോട്ടിക് രഹിത വിത്തുകൾ വാങ്ങാൻ ഇന്ത്യയിലെ കർഷകർ ബാധ്യസ്ഥരാണെന്നും ഗവർണർ വ്യക്തമാക്കി. ആഗോള രൂപകൽപനാ, നിർമാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള കേന്ദ്ര സർക്കാർ ദൗത്യമായ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ്  ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് എം.പി.ഇ.ഡി.എയുടെ ചെയർമാൻ കെ.എസ്. ശ്രീനിവാസ് വെളിപ്പെടുത്തി. രാജ്യത്തെ പ്രജനന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിത്തുകൾ ആൻറിബയോട്ടിക്, രോഗ രഹിതമാണോ എന്ന് പരിശോധിച്ച് കൂടുതൽ വിലയ്ക്കു വേണ്ടി കർഷകർക്ക് ശ്രമിക്കാൻ ഇത് സഹായകമാകും. കയറ്റുമതിക്കും മുതൽക്കൂട്ടാകുന്ന രീതിയിൽ ആരോഗ്യകരമായ ഉൽപന്നങ്ങൾ ഉറപ്പു  വരുത്തുന്ന തരത്തിലാണ് മുഴുവൻ പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പൂർണമായി ഡിജിറ്റലായാണ് ഈ സോഫ്‌റ്റ്വെയർ വികസിപ്പിച്ചതെന്ന് സിന്റിസൺ ടെക്‌നോളജീസ് സി.ഇ.ഒ വാംസി കോട്ടെ വെളിപ്പെടുത്തി. ആഗോള തലത്തിലുള്ള വിപണനത്തിന് കയറ്റുമതിക്കാർക്ക് ഈ സർട്ടിഫിക്കേഷൻ വിശ്വസ്തവും ആധികാരികവുമായ രേഖയായി ഉപയോഗിക്കാനാകും. തത്സമയമുള്ള ചതുർഘട്ട ഓഡിറ്റ് റെക്കോർഡിംഗ് ഇതിൽ ഉൾപ്പെടുന്നു. അക്വാകൾച്ചർ സർട്ടിഫിക്കേഷനെക്കുറിച്ചുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ളതാണ് ഷഫാരി പദ്ധതി.
'നീലവിപ്ലവം: ഉൽപാദനത്തിനുമപ്പുറം മൂല്യവർധന' എന്ന പ്രമേയത്തിലൂന്നിയ സമുദ്രോൽപന്ന വ്യവസായത്തിന്റെ ദൈ്വവാർഷിക പ്രദർശന മേളയിൽ നയങ്ങളെക്കുറിച്ചും 2022 ഓടെ രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി 10 ബില്യൺ ഡോളർ ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള രൂപരേഖകളുമാണ് വിദഗ്ധർ ചർച്ച ചെയ്തത്. 

പ്രധാന വിപണി ചൈന തന്നെയെന്ന് വിദഗ്ധർ
ആരോഗ്യകരമായ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേക താൽപര്യമുള്ള ജനവിഭാഗങ്ങളുടെ സാന്നിധ്യം വർധിച്ചുവരുന്ന ചൈന സമുദ്രോൽപന്ന ഇറക്കുമതിയുടെ പ്രധാന വിപണിയായി തുടരുകയാണെന്ന് ഇരുപത്തി രണ്ടാമത്  ഇന്ത്യാ അന്താരാഷ്ട്ര സമുദ്രോൽപന്ന കയറ്റുമതി മേള (ഐ.ഐ.എസ്.എസ്) യിൽ പങ്കെടുത്ത വിദഗ്ധർ വിലയിരുത്തി.
എന്നിരുന്നാലും ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളെ ഏകീകൃതമായ വിധത്തിൽ നൂതനമായി സംയോജിപ്പിക്കുന്ന സംവിധാനമായ  പുത്തൻ ചില്ലറ വിൽപന എന്ന പ്രവണത ഓൺലൈൻ വ്യാപാരത്തിന്റെ സ്ഥാനം അതിവേഗം കൈയടക്കുകയാണെന്ന വസ്തുത സമുദ്രോൽപന്ന വ്യവസായം ജാഗ്രതയോടെ കാണേണ്ടതുണ്ട്. ഈ രംഗത്ത് ചൈനീസ് ഇ വാണിജ്യ ഭീമനായ ആലിബാബ ഒരു ചില്ലറ വിൽപന പരിസ്ഥിതി തന്നെ കെട്ടിപ്പടുക്കുകയാണ്. പ്രതീക്ഷിക്കാത്ത രീതികളിലാണ് ഇത് ഉപഭോക്താവിനെ കേന്ദ്ര സ്ഥാനത്തു കൊണ്ടുവരുന്നതെന്ന് ഇന്ന് സമാപിക്കുന്ന ഉച്ചകോടിയിലെ ഒരു സാങ്കേതിക സെഷൻ വിലയിരുത്തി.


സമുദ്രോൽപന്ന വാണിജ്യത്തിലെ പങ്കാളിയെന്ന നിലയിൽ ചൈനയുടെ മേലുള്ള അമിതാശ്രയത്വത്തെപ്പറ്റി ജാഗ്രത പുലർത്തണമെന്ന് സാധ്യതാ വിപണികളും റെഗുലേറ്ററി പരിസ്ഥിതിയും എന്ന വിഷയത്തിലെ ചർച്ചയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ചൈന സമുദ്രോൽപന്നങ്ങളുടെ അധികം ചൂഷണം ചെയ്യപ്പെടാത്ത  ഒരു പ്രധാന വിപണിയാണെന്ന് ഫ്രാൻസിലെ സമുദ്രോൽപന്ന വ്യവസായ കൺസൾട്ടന്റ് കാർസൺ റോപ്പർ ചൈനയും പാടത്തു വളർത്തുന്ന ചെമ്മീനും എന്ന പ്രഭാഷണത്തിൽ പറഞ്ഞു. ലോകത്തെ ഏറ്റവും മുന്തിയ 11 സമുദ്രോൽപന്ന വിപണികളുടെ കൂട്ടത്തിൽ ചൈന തുടർന്നും സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തലുകളെന്ന് ചൈന എങ്ങനെ ആഗോള സമുദ്രോൽപന്ന വ്യാപാരത്തെയും ഉപഭോഗത്തെയും സ്വാധീനിക്കുന്നു എന്ന വിഷയം കേന്ദ്രീകരിച്ചുള്ള ഒരു പ്രബന്ധാവതരണത്തിൽ അദ്ദേഹം നിരീക്ഷിച്ചു.


സിംഗപ്പുരിലെ അക്വാകൾച്ചർ ഇന്നവേഷൻ സെന്ററിലെ ഡോ. ലീ ചീ വീ (ജീവനുള്ള ചെമ്മീന്റെ ഗതാഗതം), ഇന്ത്യയിലെ യു.എസ്.എഫ്.ഡി.എയിൽ അന്താരാഷ്ട്ര ബന്ധങ്ങളിൽ പ്രത്യേക വിദഗ്ധനായ ക്രിസ്റ്റഫർ പ്രിഡ്ഡി (സമുദ്രോൽപന്നങ്ങളെ സംബന്ധിച്ച എഫ്.ഡി.എ ചട്ടങ്ങളുടെ പൊതുവിലയിരുത്തൽ), എം.പി.ഇ. ഡി.എ വിപണന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ആർ.എം. മാലിക് (ഇറക്കുമതി രാജ്യ റെഗുലേഷനുകളും വ്യാപാരത്തിൽ അവയുടെ സ്വാധീനവും) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


സമുദ്രോൽപന്ന കയറ്റുമതിയിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം കൈവരിക്കാൻ സംസ്ഥാന സർക്കാറുകളുമായും  സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിട്ടി (എം.പി.ഇ.ഡി.എ) അടക്കം ഈ രംഗത്തു താൽപര്യമുള്ളവരുമായെല്ലാം കൈകോർത്തുകൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സഹായവും സമുദ്രോൽപന്ന കയറ്റുമതി വ്യവസായ മേഖലക്ക് നൽകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പർകാഷ് അറിയിച്ചു. സമുദ്രോൽപന്ന കയറ്റുമതി രംഗത്ത് വിവിധ നേട്ടങ്ങൾ കൈവരിച്ചവർക്കുള്ള പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സാമ്പത്തിക രംഗം മെല്ലെയായിട്ടുണ്ടെങ്കിലും ശക്തമായ ഇഛാശക്തി കൊണ്ട് ലക്ഷ്യം കൈവരിക്കാൻ കഴിയുക തന്നെ ചെയ്യും. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 10 ശതമാനം സമുദ്രോൽപന്ന മേഖലയുടെ സംഭാവനയാണ്. കാർഷിക കയറ്റുമതിയിലാകട്ടെ, 20 ശതമാനവും ഈ മേഖലയുടേതാണ്. ലോകത്തെ നാലാമത്തെ വലിയ സമുദ്രോൽപന്ന കയറ്റുമതി രാജ്യമാണ് ഇന്ത്യ. സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ ഉൽപാദക രാജ്യമായി ഇന്ത്യ മാറണം. അതിന് ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കാൻ കഠിനമായി പ്രയത്‌നിക്കണമെന്ന് മന്ത്രി പറഞ്ഞു. 


സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. പുതിയ സംരംഭകർക്ക് സാങ്കേതികാശയങ്ങൾ പങ്കുവെക്കാനും ബിസിനസ് പരിപോഷിപ്പിക്കാനും മികച്ച വേദിയാണ് മേളയെന്ന് മന്ത്രി പറഞ്ഞു.  ഈ രംഗത്തെ പ്രവർത്തനങ്ങൾ കൊണ്ട് അടുത്ത ദശാബ്ദത്തിൽ ആകെ കയറ്റുമതിയിലെ മൂല്യവർധനയുടെ ശതമാനം ആറിൽനിന്നു ഗണ്യമായി ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. മണ്ണെണ്ണ കൊണ്ടു പ്രവർത്തിക്കുന്ന വള്ളങ്ങൾക്കു പകരം കൂടുതൽ പരിസ്ഥിതിഹിതമായ എൻജിനുകളുള്ള വള്ളങ്ങൾ കൊണ്ടുവരാനും ഉൾനാടൻ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാനും ഉദാരമായ കേന്ദ്ര സഹായം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. 


മേളയുടെ സുവനീർ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കു കോപ്പി നൽകി കേന്ദ്ര മന്ത്രി സോം പർകാഷ് പ്രകാശനം ചെയ്തു. എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് സ്വാഗതം പറഞ്ഞു. പുതുതായി കേന്ദ്രത്തിൽ രൂപീകരിച്ച ഫിഷറീസ് വകുപ്പും വാണിജ്യ മന്ത്രാലയവും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട് -ഹൈബി ഈഡൻ എം.പി പറഞ്ഞു.
അറുപതോളം അവാർഡുകൾ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു. പുതുതായി ഏർപ്പെടുത്തിയ ഏറ്റവും ഉത്തരവാദിത്തമുള്ള കയറ്റുമതി സ്ഥാപനത്തിനുള്ള എം.പി.ഇ.ഡി.എ ചെയർമാന്റെ അവാർഡ് മഹാരാഷ്ട്രയിലെ ഗാദ്‌റെ മറൈൻ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് കേരളത്തിലെ അമാൽഗം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അബ്രഹാം ജെ. തരകനും ലഭിച്ചു. ഈ അവാർഡുകൾ എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് ചടങ്ങിനൊടുവിലാണ്  പ്രഖ്യാപിച്ചത്. എസ്.ഇഎ.ഐ കേരള റീജനൽ പ്രസിഡന്റ് അലക്‌സ് കെ. നൈനാൻ നന്ദി പറഞ്ഞു.

Latest News