കഴുതയുമായി ട്രെയിനില്‍ കയറിയ കര്‍ഷകന്‍ പുലിവാല്‍ പിടിച്ചു

കയ്‌റോ- കഴുതയുമായി ട്രെയിനില്‍ യാത്ര ചെയ്ത കര്‍ഷകന്‍ പുലിവാല്‍ പിടിച്ചു. കഴുതയുടെ ട്രെയിന്‍ യാത്ര നാട്ടുകാരില്‍ കൗതുകവും പ്രതിഷേധവുമുണ്ടാക്കി. ഈജിപ്തിലാണ് സംഭവം.
പല രാജ്യങ്ങളിലും മൃഗങ്ങളുമായി യാത്രക്കാര്‍ ട്രെയിനില്‍ കയറാറുണ്ടെങ്കിലും ഈജിപ്തില്‍ അത് സാധാരണമല്ല. ഖിനാ പ്രവിശ്യയിലെ നഗഅ് ഹമ്മാദി നഗരത്തില്‍നിന്ന് ദക്ഷിണ ഈജിപ്തിലെ ലക്‌സോറിലേക്കായിരുന്നു കഴുതയോടൊപ്പം കര്‍ഷകന്റെ യാത്ര. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്ത പത്രങ്ങളില്‍ വരികയും ചെയ്തതോടെ റെയില്‍വെ അതോറിറ്റി വിശദീകരണ പ്രസ്താവന പുറത്തിറക്കി. കര്‍ഷകന്‍ ഇപ്പോള്‍ കോടതിയില്‍ നിയമ നടപടി നേരിടുകയാണ്.
നഗഅ് ഹമ്മാദി നഗരത്തില്‍നിന്ന് ലക്‌സോറിലേക്കുള്ള 748-ാം നമ്പര്‍ ട്രെയിനില്‍ അബ്‌നൂദ് സ്റ്റേഷനില്‍നിന്നാണ് യാത്രക്കാരന്‍ കഴുതയെ കയറ്റിയത്. സുരക്ഷാ സേവനങ്ങളില്ലാത്ത സ്റ്റേഷനാണിത്. എയര്‍ കണ്ടീഷന്‍ ചെയ്യാത്ത ട്രെയിനുകള്‍ മാത്രമാണ് ഇവിടെ നിര്‍ത്തുന്നത്. രാത്രിയായതിനാല്‍ കഴുതയെയും കൂട്ടി യാത്രക്കാരന്‍ കയറുന്നത് ആരുടേയും ശ്രദ്ധയില്‍പെട്ടില്ല.
ഡോറിനു സമീപമുള്ള തൂണില്‍ ഇയാള്‍ കഴുതയെ കെട്ടിയിട്ടു. അബ്‌നൂദിലെ കാലി ചന്തയില്‍നിന്ന് കഴുതയെ വാങ്ങി സ്വദേശമായ ലക്‌സോറിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുറഞ്ഞ ചെലവില്‍ കഴുതയെ ലക്‌സോറിലെത്തിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ട്രെയിനില്‍ കയറ്റുകയായിരുന്നു. കഴുത ട്രെയിനില്‍ യാത്ര ചെയ്യുന്ന ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചത് പരിഹാസത്തിന് ഇടയാക്കി.
ടിക്കറ്റ് കലക്ടര്‍ ട്രെയിനിനകത്ത് കഴുതയെ കണ്ടതോടെ മര്‍കസ് ഖോസ് റെയില്‍വെ സ്റ്റേഷനില്‍ ഇറക്കാന്‍ ശ്രമിച്ചു. എന്നാല്‍ കഴുതയെ ഇറക്കിവിട്ടാല്‍ താന്‍ തീവണ്ടിയില്‍നിന്ന് ചാടി ജീവനൊടുക്കുമെന്ന് കര്‍ഷകന്‍ ഭീഷണിപ്പെടുത്തിയതോടെ ടിക്കറ്റ് കലക്ടര്‍ വെട്ടിലായി. ലക്‌സോര്‍ സ്റ്റേഷന്‍ എത്തിയതോടെ യാത്രക്കാരനെയും കഴുതയെയും അധികൃതര്‍ കസ്റ്റഡിയിലെടുത്ത് 500 ഈജിപ്ഷ്യന്‍ പൗണ്ട് പിഴ ചുമത്തി. മറ്റു നിയമാനുസൃത ശിക്ഷാ നടപടികള്‍ക്ക് കേസ് കോടതിക്ക് കൈമാറുകയായിരുന്നു.

 

Latest News