ന്യൂദല്‍ഹി- കശ്മീർ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്എ) തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുല്ല സുപ്രീം കോടതിയെ സമീപിച്ചു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച ശേഷം ജയിലിലടച്ച ഉമർ അബ്ദുല്ലക്കെതിരെ കഴിഞ്ഞയാഴ്ചയാണ് കർശന നിയമമായ പി.എസ്.എ ചുമത്തിയത്. വിചാരണ കൂടാതെ രണ്ടുവർഷം വരെ ജയിലിലടക്കാന്‍ അനുമതി നല്‍കുന്നതാണ് പി.എസ്.എ.
തന്‍റെ സഹോദരനെ തടഞ്ഞുവെക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ഭരണഘടനാ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും എല്ലാ രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താനുള്ള നീക്കമാണിതെന്നും സാറാ അബ്ദുല്ല പൈലറ്റ് പറഞ്ഞു.
കശ്മീരില്‍ തടങ്കലിലായ മറ്റുള്ളവർക്കെതിരെ കഴിഞ്ഞ ഏഴു മാസമായി സമാനമായ തടങ്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സാറാ അബ്ദുല്ല പൈലറ്റ് തന്റെ ഹരജിയില്‍ പറയുന്നു.






