ദൂരദര്‍ശനും എഐആറും ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം തടഞ്ഞു

അഗര്‍ത്തല- ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സ്വാതന്ത്ര്യദിന പ്രഭാഷണം പ്രക്ഷേപണം ചെയ്യാന്‍ ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും വിസമ്മതിച്ചത് വിവാദമായി. റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പ്രക്ഷേപണം ചെയ്യില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്തവിതരണ സ്ഥാപനങ്ങള്‍ അറിയിച്ചതെന്ന് സംസ്ഥാനം ഭരിക്കുന്ന ഇടതു പക്ഷം ആരോപിച്ചു. 'പ്രസംഗത്തിലെ ഒരു വാചകം പോലും മാറ്റാന്‍ തയാറാല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നടപടി ജനാധിപത്യവിരുദ്ധവും അപ്രതീക്ഷിതവും ഏകാധിപത്യപരവും അസഹിഷ്ണുതാപരവുമായ നീക്കമാണ്,' എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്.

അതേസമയം, ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാര്‍ഭാരതി ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് 12-നാണ് ചാനലും റേഡിയോയും മണിക് സര്‍ക്കാരിന്റെ പ്രസംഗം റെക്കോര്‍ഡ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിനു തൊട്ടുമുമ്പാണ് പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ മാറ്റിയില്ലെങ്കില്‍ പ്രക്ഷേപണം ചെയ്യാന്‍ പറ്റില്ലെന്ന അറിയിപ്പ് പ്രസാര്‍ഭാരതിയില്‍ നിന്നും കത്ത് മുഖേന മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം ബന്ധപ്പെട്ട അധികാരികള്‍ സൂക്ഷ്മപരിശോധന നടത്തിയെന്നും ചടങ്ങിന്റെ മഹത്വവും പ്രക്ഷേപണ ചട്ടവും കണക്കിലെടുത്ത് പ്രസംഗം മാറ്റങ്ങളൊന്നുമില്ലാതെ പ്രക്ഷേപണം ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു അറിയിപ്പിന്റെ ഉള്ളടക്കം. 

ദൂരദര്‍ശനും റേഡിയോയും ബിജെപിയുടേയും ആര്‍ എസ് എസിന്റേയും സ്വകാര്യ സ്വത്തല്ലെന്ന രൂക്ഷ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി രംഗത്തെത്തി. ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം തടഞ്ഞു വച്ചത് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

സിപിഎം പോളിറ്റ് ബ്യൂറോ സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചു. 'നേരത്തെ റെക്കോര്‍ഡ് ചെയ്ത മുഖ്യമന്ത്രിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇത്തരമൊരു നിരോധനത്തിനെതിരെ നടപടിയുണ്ടാകണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. 'മോഡി സര്‍ക്കാര്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വെറുമൊരു ഭാഗം മാത്രമായി പ്രസാര്‍ഭാരതിയെ കാണരുത്. ഇത് സ്വാതന്ത്ര്യ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാനുള്ള ഒരു മുഖ്യമന്ത്രിയുടെ അവകാശത്തിന്‍മേലുള്ള കയ്യേറ്റമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കു മേല്‍ വിലക്കുകളേര്‍പ്പെടുത്തുന്ന സംഭവം അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്,' പാര്‍ട്ടി കുറിപ്പില്‍ വ്യക്തമാക്കി.

Latest News