ദല്‍ഹി ഫലം നാളെ; ബി.ജെ.പിയുടെ അമിത ആത്മവിശ്വാസത്തിനു പിന്നിലെന്ത്?

ന്യൂദല്‍ഹി- ദല്‍ഹി തെരഞ്ഞെടുപ്പില്‍ പയറ്റിയ തന്ത്രങ്ങള്‍ വിജയിക്കുമെന്ന ശുഭപ്രതീക്ഷയുമായി ബി.ജെ.പി. ആം ആദ്മി പാര്‍ട്ടിക്ക് മികച്ച വിജയം പ്രഖ്യാപിച്ച എക്സിറ്റ്പോളുകളെല്ലാം ബി.ജെ.പി തള്ളിയിരിക്കയാണ്. ബി.ജെ.പിയുടെ അമിത ആത്മവിശ്വാസത്തിനു പിന്നില്‍ എന്താണെന്ന് പിടി കിട്ടാതെ കുഴങ്ങുകയാണ് ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും. ഫലം വന്നു കഴിഞ്ഞാല്‍ വോട്ടിംഗ് യന്ത്രങ്ങളെ കുറ്റം പറയരുതെന്ന മുന്നറിയിപ്പും ബി.ജെ.പി നേതാക്കള്‍ നല്‍കുന്നു. 


ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഇ.വി.എം തിരിമറി; സമൂഹ മാധ്യമങ്ങളില്‍ ചർച്ച സജീവം-video 


 പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തി ദല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്നാണ്  ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

എക്‌സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോളെന്നാണ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. സമാനതകളില്ലാത്ത പ്രചാരണമാണ് ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയിരുന്നത്. അമിത് ഷായുടെ  നേതൃത്വത്തില്‍  കേന്ദ്ര മന്ത്രിമാരുടേയും എം.പിമാരുടേയും വന്‍ പട തന്നെ ദല്‍ഹിയില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

അതേസമയം, പൌരത്വ ഭേദഗതിയുടെ പേരില്‍ നടത്തിയ വർഗീയ ധ്രുവീകരണത്തിനും കെജ്‌രിവാളിന്‍റെ ജനസമ്മിതിക്ക് നേരിയ പോറല്‍പോലും ഏല്‍പ്പിക്കാനായിട്ടില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഫലം പുറത്ത് വരുമ്പോള്‍ എക്‌സിറ്റ്‌പോളുകളില്‍ കാര്യമില്ലെന്ന് വ്യക്തമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ ആവർത്തിച്ച് അവകാശപ്പെടുന്നു.

48-ന് മുകളില്‍ സീറ്റുകള്‍ നേടി ബിജെപി അധികാരം പിടിക്കുമെന്നാണ്  ദല്‍ഹി ബി.ജെ.പി പ്രസിഡന്‍റ്  മനോജ് തിവാരി കഴിഞ്ഞ ദിവസം പറഞ്ഞത്. വോട്ടിങ്‌മെഷീനെതിരേ ആംആദ്മി പാർട്ടി ഇപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പരാജയഭീതി കാരണമാണെന്നും അദ്ദേഹം പറയുന്നു.

Latest News