ബീജിംഗ്- ചൈനയില്‍ കൊറോണ മരണസംഖ്യ 910 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നു. അതേസമയം
ഞായറാഴ്ച മാത്രം മരിച്ചവരുടെ എണ്ണം 89 ആണ്. മരിച്ചവരില്‍ കൂടുതല്‍ പേരും വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.അതിനിടെ, വുഹാനില്‍നിന്ന് പ്രധാന വിവരങ്ങള്‍ പുറംലോകത്തെത്തിച്ചിരുന്ന സിറ്റിസണ്‍ ജേണലിസ്റ്റ് ചെന്‍ ക്വിഷിയെ കാണാതായി. വ്യാഴാഴ്ച മുതല്‍ കാണാതായ ഇയാളെ നിർബന്ധപൂർവം ക്വാറന്റൈന് ചെയ്തിരിക്കയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും വിട്ടയക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമായി.

സിറ്റിസണ്‍ ജേണലിസ്റ്റ് ചെന്‍ ക്വിഷി
വുഹാനിലും ഹുബൈയിലും സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മിഖായേല്‍ റയാന് അറിയിച്ചു. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലെത്തും.






