കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ ഉദ്ധരിച്ച് ആര്‍.എസ്.എസ് നേതാവിന്റെ വ്യാഖ്യാനം

പനാജി- ബി.ജെ.പിയോട് കാണിക്കുന്ന എതിര്‍പ്പ് ഹിന്ദുക്കളോടുള്ള എതിര്‍പ്പായി വ്യാഖ്യാനിക്കരുതെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. വിശ്വഗുരു ഭാരത് പ്രഭാഷണത്തോടനുബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരായുള്ളത് രാഷ്ട്രീയ പോരാട്ടമാണെന്നും അത് ഹിന്ദുക്കളോടുള്ള എതിര്‍പ്പായി കാണരുതെന്നും അദ്ദേഹം വിശദീകരിച്ചു. എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് ഹിന്ദുക്കളില്‍നിന്നു തന്നെ ശത്രുക്കളുണ്ടാകുന്നു എന്നായിരുന്നു ചോദ്യം. ഹിന്ദു സമൂഹമെന്നാല്‍ ബി.ജെ.പിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരാണെന്ന് പറഞ്ഞിരുന്ന കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ ദുര്‍ഗാ പൂജ വരുമ്പോള്‍ അതിനു മുന്‍പന്തിയിലുണ്ടായിരുന്നു. കേരളത്തിലെ സ്ഥിതിയും ഇതുതന്നെയാണ്. കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രകമ്മിറ്റികളുടെ പ്രസിഡന്റാകാന്‍ മത്സരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കള്‍ രാഷ്ട്രീയത്തിനതീതമായി ഉയര്‍ന്നുനില്‍ക്കണമെന്നും എല്ലാ സമുദായങ്ങളിലുള്ളവരേയും സംഘിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest News