Sorry, you need to enable JavaScript to visit this website.

ലഡാക്കില്‍ ഇന്ത്യന്‍ സേനയും ചൈനീസ് സേനയും ഏറ്റുമുട്ടി

ലഡാക്ക്- രണ്ടുമാസമായി ദോക് ലായില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ലഡാക്കിലെ പാന്‍ഗോംങ് തടാകത്തില്‍ ഇരു വിഭാഗം സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ചൊവ്വാഴ്ച രാവിലെ 7.30-നാണ് 135 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന തടാകത്തിന്റെ ഫിംഗര്‍-6 എന്ന ഭാഗത്തിനു സമീപം ഇരു വിഭാഗം സൈനികരും നേര്‍ക്കുനേര്‍ നിന്നത്. തടാകത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമാണ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളത്. ബാക്കി ചൈനീസ് സൈന്യത്തിന്റെ അധീനതയിലാണ്.

സംഘര്‍ഷത്തില്‍ വെടിവെപ്പുണ്ടായിട്ടില്ല. ഇരുവിഭാഗം സൈനികരും തമ്മില്‍ നേരിയ തോതില്‍ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. താടക തീരത്ത് ചൈന നിര്‍മ്മിച്ച റോഡില്‍ 52 ചൈനീസ് സൈനിക ട്രക്കുകള്‍ എത്തിയതായും സൈനിക വൃത്തങ്ങള്‍ പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ സൈന്യം തയാറായിട്ടില്ല. 

അതിനിടെ, 2005-നും ശേഷം ഇതാദ്യമായി ചൈനീസ് സൈന്യമായ പിപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി അതിര്‍ത്തിയിലെ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ ബഹിഷ്‌കരിച്ചു. 

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി മുക്കവലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആചാര പ്രകാരം നടത്താറുള്ള ചടങ്ങില്‍ നിന്ന് ചൈനീസ് സൈന്യം വിട്ടു നിന്നത്. നേരത്തെ ചൈനീസ് സേനയുടെ സ്ഥാപകദിനമായ ഓഗസ്റ്റ് ഒന്നിനും ഇത്തവണ അതിര്‍ത്തിയില്‍ ചടങ്ങുകള്‍ ഉണ്ടായിട്ടില്ല.

ദോക് ലായില്‍ ചൈന റോഡു നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെ ജൂണ്‍ 16-നാണ് ഇന്ത്യ ചൈന അതിര്‍ത്തി വീണ്ടും സംഘര്‍ഷാവസ്ഥയിലായത്. അതിര്‍ത്തിയിലെ തല്‍സ്ഥിതി ചൈന ലംഘിച്ചെന്ന് ഇന്ത്യ കുറ്റപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്ന് ചൈനയും കുറ്റപ്പെടുത്തുന്നു.

Latest News