സി.എ.എ അനുകൂല പരിപാടിക്കെത്തിയവര്‍ കാമ്പസികള്‍ കടന്ന് വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന് പരാതി

ന്യൂദല്‍ഹി- തലസ്ഥാനത്തെ ഗാര്‍ഗി കോളേജ് കാമ്പസില്‍ ഇരച്ചുകയറിയ സംഘം വിദ്യാര്‍ഥിനികളെ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം. ഫെബ്രുവരി ആറാം തീയതി കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം. ദല്‍ഹിയില്‍ സി.എ.എ അനുകൂല പരിപാടിക്കെത്തിയവരാണ് കാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.
പുറത്തുനിന്നെത്തിയവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തു.
ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമ്പസിനകത്തേക്ക് അതിക്രമിച്ച് കയറിയവര്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.  'ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും. ഇതിനിടെ ഒരാള്‍ അയാളുടെ ലൈംഗികാവയവം തന്റെ ദേഹത്ത് ഉരസി. എന്റെ കൂട്ടുകാരിയുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. -ഒരു പെണ്‍കുട്ടി കുറിച്ചു.
വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. പുറത്തുനിന്നെത്തിയ പുരുഷന്മാരെ സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലര്‍ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതില്‍ ചാടിയും കോളേജില്‍ പ്രവേശിച്ചെന്നും ഇവര്‍ പറഞ്ഞു. യുവാക്കള്‍ കൂട്ടത്തോടെ കോളേജിന്റെ ഗേറ്റ് തുറന്ന് പ്രവേശിക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥിനികള്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

 

Latest News