ഹസാരിബാഗ്- ജാര്‍ഖണ്ഡില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ദീര്‍ഘകായ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. തലസ്ഥാനമായ റാഞ്ചിയില്‍നിന്ന് 90 കി.മീ അകലെ ഹസാരി ബാഗിലാണ് സംഭവം. ഹസാരിബാഗ് പട്ടണത്തിലെ കുംഹാര്‍ ടോളി വാര്‍ഡ് 24 ല്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ വടി പിടിച്ചുള്ള വലതു കൈ പൂര്‍ണമായും വേര്‍പെടുത്തിയിട്ടുണ്ട്.
സമൂഹ്യ വിരദ്ധര്‍ നശപ്പിച്ചതാണെന്നാണ് പ്രാഥമിക വിലയിരത്തലെന്നും സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹസാരിബാഗിലെ കട്കംഡാഗ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗൗതം കുമാര്‍ പറഞ്ഞു. പ്രതിമ സ്വയം വീണതാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ തീരുമാനത്തിലെത്താനാകൂയെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധി പ്രതിമ തകര്‍ത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. 15 വര്‍ഷത്തനിടെ ഇത് രണ്ടാംതവണയാണ് ഇവിടെ ഗാന്ധി പ്രതിമ തകര്‍ക്കപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്നാണ് സംശയമെന്നും ശനിയാഴ്ച വൈകിട്ട് മാത്രമാണ് ശ്രദ്ധയില്‍ പെട്ടതെന്നും മഹാത്മാ ഗാന്ധി സ്മാരക് വികാസ് ന്യാസ് പ്രസിഡന്റ് മനോജ് വര്‍മ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് തന്നെ സദര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരുന്നുവെന്നും പോലീസ് സ്ഥലം സന്ദര്‍ശിച്ചത് ഞായറാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമയുടെ വേദിയിലേക്കുള്ള മൂന്ന് ഗെയിറ്റുകളിലെ പൂട്ടുകളില്‍ ഒന്നു തകര്‍ത്ത നിലയിലായിരുന്നു.
ആദ്യത്തെ രണ്ട് ഗെയിറ്റുകള്‍ പൂട്ടിയനിലയിലാണ്. മൂന്നാമത്തെ ഗെയിറ്റിന്റെ പൂട്ടാണ് തകര്‍ത്തത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രദേശത്തെ ചിലരെ ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. 1948 ഫെബ്രുവരി രണ്ടിനാണ് മഹാത്മാഗാന്ധിയുടെ സ്മരണക്കായി കുംഹാര്‍ ടോളിയില്‍ വേദി സ്ഥാപിച്ചത്.
എല്ലാ വര്‍ഷവും ഗാന്ധി ജയന്തിയും ചരമ വാര്‍ഷികവും ആചരിക്കാറുണ്ട്. 2005 ല്‍ ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിക്കുമ്പോള്‍ ചിലര്‍ എതിര്‍ത്തിരുന്നുവെന്നും പിന്നീട് അവര്‍ പ്രതിമ തകര്‍ത്തുവെന്നും വര്‍മ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെയാണ് പ്രതിമ പുനസ്ഥാപിച്ചത്. ഗാന്ധി പ്രതിമയുള്ള പ്രദേശം കൈയടക്കാന്‍ ഭൂമിയ ശ്രമിച്ചുവരുന്നുണ്ട്. ഗാന്ധി പ്രതിമ നശിപ്പിച്ചതിനു പിന്നില്‍ ഭൂമാഫിയയുടെ പങ്ക് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.