Sorry, you need to enable JavaScript to visit this website.

മോഡി,സി.എ.എ വിരുദ്ധ കവിത വൈറലായി; മുന്‍കൂർ ജാമ്യം തേടി കവി കോടതിയില്‍

ബംഗളൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ദേശീയ പൌരത്വ രജിസ്റ്ററിനേയും വിമർശിക്കുന്ന പരാമർശങ്ങളുള്ള കവിത ചൊല്ലിയതിന് പോലീസ് കേസെടുത്തു.  കൊപ്പലില്‍ നടന്ന സാംസ്‌കാരിക മേളയില്‍ കവിതാലാപനം നടത്തിയ  പത്രപ്രവര്‍ത്തകനും കവിയുമായ സിറാജ് ബിസാറല്ലിക്കെതിരെയാണ് കേസ്. ഇദ്ദേഹം മുന്‍കൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കയാണ്.

നിങ്ങളുടെ രേഖകള്‍ എപ്പോഴാണ് സമര്‍പ്പിക്കുകയെന്ന വിവാദ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലായിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തമിഴ്, തെലുങ്ക്, മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലേക്ക് ഇതിനകം വിവര്‍ത്തനം ചെയ്യപ്പെട്ടു. 'കവിത കവിയെ മറികടന്നുവെന്നും കവിത അവരുടെ വികാരങ്ങള്‍ക്ക് ശബ്ദം നല്‍കുന്നുവെന്ന് തോന്നുന്നതിനാല്‍ ആളുകള്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും സിറാജ് ബിസാറല്ലി പറഞ്ഞു.

ക്രിയ മാധ്യമ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം കല്‍ബുർഗി സാഹിത്യ സമ്മേളനത്തിലാണ്  പുറത്തിറങ്ങിയത്. കവിതക്കെതിരേയും സാഹിത്യത്തിനെതിരേയും കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും പുതിയ സംഭവമല്ലാതായി മാറിയിരിക്കുന്നുവെന്ന് സിറാജിന്‍റെ കവിത ഉള്‍പ്പെടുത്തിയ സമാഹാരത്തിന്‍റെ എഡിറ്റർ യമുന ഗോയങ്കർ പ്രതികരിച്ചു. തെരുവുകളി‍ല്‍ കവിതകള്‍ പ്രതിഷേധ ശബ്ദമായി മാറിയിരിക്കയാണെന്നും അവർ പറഞ്ഞു.

രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് ഭയപ്പെടുന്ന പത്രപ്രവർത്തകന്‍ സിറാജ് മുന്‍കൂർ ജാമ്യത്തിനായി കർണാകട ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിനെ സമീപിച്ചിരിക്കയാണ്.

 

 

Latest News