ബുഡാപെസ്റ്റ്- പരസ്യവരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വെബ്സൈറ്റുകളില്‍ വ്യാജ കൊറോണ മരണങ്ങള്‍ റിപ്പോർട്ട് ചെയ്ത രണ്ടു പേർ ഹംഗറിയില്‍ പിടിയില്‍. ഡസന്‍ കണക്കിന് വ്യാജ വാർത്താ പോർട്ടലുകളും ഫെയ്സ് ബുക്ക് പേജുകളുമുള്ള സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്.
ഹംഗറിയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വ്യാജ വാര്‍ത്താ വെബ്സൈറ്റുകളുടെ ശൃംഖല തകര്‍ത്തതായി ഹംഗേറിയന്‍ പോലീസ് അറിയിച്ചു. രാജ്യത്ത് മാരകമായ വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൊറോണ വൈറസ് ബാധിച്ച് നിരവധി പേര്‍ മരിച്ചുവെന്നാണ് സൈറ്റുകളില്‍ വാർത്ത നല്‍കിയിരുന്നതെന്ന് പോലീസ് പ്രസ്താവനയില്‍ പറയുന്നു. സൈറ്റുകളിലേക്ക് ട്രാഫിക് വര്‍ദ്ധിപ്പിക്കാനും അങ്ങനെ പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായാണ് സെന്‍സേഷണല്‍ തലക്കെട്ടുകള്‍ നല്‍കിയിരുന്നത്.
'37 കാരിയായ ഹംഗേറിയന്‍ സ്ത്രീ ബുഡാപെസ്റ്റില്‍ വീണു മരിച്ചു, മിക്കവാറും കൊറോണ വൈറസ് ആയിരിക്കാം- ഇതാണ് ഒരു മാതൃകാ തലക്കെട്ടെന്ന് പോലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ വ്യാജവാർത്തകള്‍ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.






