ഇൻഡോർ- ബി.ജെ.പി കളിക്കുന്നത് വർഗീയ രാഷ്ട്രീയമാണെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ബി.ജെ.പി നേതാവ് പാർട്ടി വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി വർഗീയ രാഷ്ട്രീയം മാത്രമാണ് കളിക്കുന്നതെന്നും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് ഉസ്മാൻ പാട്ടീൽ രാജിവെച്ചത്. നാൽപത് വർഷത്തിലേറെ താൻ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചുവരികയാണെന്നും വസുദൈവ കുടുംബകം എന്ന അടിസ്ഥാന ആശയത്തിൽനിന്നും ബി.ജെ.പി പിറകോട്ട് പോയെന്നും പാട്ടീൽ ആരോപിച്ചു. യഥാർത്ഥ പ്രശ്‌നത്തിൽനിന്നും ബി.ജെ.പി പിന്നോക്കം പോയിരിക്കുന്നു. വ്യാവസായിക വളർച്ച ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതൊന്നും ശ്രദ്ധിക്കാതെ വർഗീയതയിൽ മാത്രം ഊന്നിയാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും പാട്ടീൽ ആരോപിച്ചു.
കഴിഞ്ഞമാസം ഏകദേശം എൺപതോളം ബി.ജെ.പി നേതാക്കൾ പാർട്ടി വിട്ടിരുന്നു. നേരത്തെ ബി.ജെ.പി നേതാവ് അജിത് ബൊറാസിയയും സി.എ.എക്കും എൻ.ആർ.സിക്കും എതിരെ രംഗത്തെത്തിയിരുന്നു.