Sorry, you need to enable JavaScript to visit this website.

ബ്ലൂവെയിൽ ഗെയിം തലശ്ശേരിയിലും; മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ

തലശ്ശേരി- മരണക്കയത്തിലേക്ക് യുവാക്കളെയും കൗമാരക്കാരെയും തള്ളി വിടുന്ന  ബ്ലൂവെയിൽ ഗെയിമിന് തലശ്ശേരിയിൽ ഒരാൾ കീഴ്‌പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. രണ്ട് ദിവസം മുമ്പ് 30 വയസ്സുള്ള യുവാവ് തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് ബ്ലൂവെയിൽ ഗെയിമിന്റെ സ്വാധീനം പുറത്തായത്. ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലും മറ്റുമായി മുറിവുകൾ ഉണ്ടാക്കുകയും കൈയ്യിലെ ഞരമ്പ് മുറിച്ചശേഷം ഞരമ്പുകൾ വലിച്ചൂരിയുമാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതത്രെ. സ്വാഭാവിക സംഭവം മാത്രമായി മരണം റിപ്പോർട്ട് ചെയ്‌തെങ്കിൽപോലും പിന്നീടാണ് ബ്ലൂവെയിൽ സ്വാധീനമാണ് ഇത്തരമൊരു മരണത്തിന് കാരണമായതെന്ന് പറയുന്നത്. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാവുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പോലീസ് പുറത്ത് വിട്ടില്ല.
 അൻപത് ദിവസങ്ങളാണ് ബ്ലൂവെയിൽ ഗെയിമിന് നിശ്ചയിച്ചിട്ടുള്ളത്. ഗെയിം ആരംഭിച്ച് മൂന്ന് ഘട്ടം പിന്നിടുന്നതോടെ മൃത്യോപാസനയിൽ നിന്ന് രക്ഷപ്പെടാനാവാത്തവിധം ഗെയിം കളിക്കുന്നയാൾ കുരുങ്ങുമെന്നാണ് പറയപ്പെടുന്നത്. തലശ്ശേരിയിൽ കുട്ടികൾക്ക് പുറമെ പതിനാലുമുതൽ ഇരുപത്തിരണ്ടുവയസ്സുവരെ പ്രായമുള്ള യുവാക്കളും അപകടകരമായ ഗെയിമിൽ തൽപരരാണെന്നാണ് സൂചനകൾ ഉള്ളത്. മൂന്നാമത്തെ ഘട്ടം കടക്കുന്നതോടെ മൃത്യോപാസനയിൽ കുരുങ്ങിയവർ ഒന്നുകിൽ കടലിലേക്കോ, അതല്ലെങ്കിൽ പാരപ്പെറ്റിന് മുകളിലൂടെയോ അതല്ലെങ്കിൽ വായുവിലേക്ക് ടെറസ്സിന് മുകളിൽനിന്ന് പറന്നിറങ്ങുകയോ ചെയ്യുന്ന ഉൻമാദാവസ്ഥയിലെത്തി സ്വയം മരണത്തെ സന്തോഷത്തോടെ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതാണ് ബ്ലൂവെയിൽ ഗെയിം. സ്‌കൂൾ കോമ്പൗണ്ടിനകത്തേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗെയിം കളിക്കാൻ താത്പര്യമുള്ളവർ തികച്ചും സ്വകാര്യമായി വീട്ടിനകത്ത് വെച്ച് രാത്രികാലങ്ങളിലാണ് കളിയിൽ ഏർപ്പെടുന്നതത്രെ. പഠനത്തിൽ ഏറെ ജാഗ്രതയോടെ മുഴുകിയിരിക്കയാണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയാണ് കുട്ടികൾ പലപ്പോഴും ഗെയിം കളിക്കുന്നതത്രെ. ഗെയിം കളിക്കുന്നതിന് ഉപയോഗിക്കുന്ന മൊബൈ ൽ ഫോൺ സാമാന്യം നല്ല തുക കൊടുത്താണ് പലപ്പോഴും വാങ്ങുന്നത്. നിലവാരമുള്ള മൊബൈൽ ഫോണുകളാണ് പലപ്പോഴും ബ്ലൂവെയിൽ ഗെയിമിനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം ഫോണുകൾക്ക് ഫിംഗർ ലോക്കർ ആയതിനാൽ സംശയമുണ്ടായാൽ തന്നെ രക്ഷിതാക്കൾക്ക് പോലും ഫോൺ തുറക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. രക്ഷിതാക്കൾ കുട്ടികളെ കൊണ്ട് ഫോൺ തുറന്നാൽതന്നെയും ഗെയിം കാണുന്നതിനുള്ള നമ്പർ ലോക്കുകൾ കുട്ടിക്ക് മാത്രമേ അറിയാവുള്ളുവെന്നതിനാൽ ഒരിക്കൽപോലും മൊബൈൽ ഫോണിനകത്ത് കുട്ടി കാണുന്ന ബ്ലൂവെയിൽഗെയിം എവിടെയാണെന്നോ മറ്റോ അറിയാനുള്ള സാധ്യതകളും ഇതുവഴി നിരാകരിക്കപ്പെടുന്നുണ്ട്. വ്യാപകമായ രീതിയിൽ ഇത് പ്രചരിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും ചില കുട്ടികൾ ഇത്തരം ഗെയിമുകളിൽ അതീവ തത്പരരാണെന്നത് സമൂഹമധ്യത്തിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കും.  അതിനാൽ ഇത്തരം ഗെയിമുകൾ ഡൗൺലോഡ് ചെയ്ത് എടുക്കുന്നത് തടയുന്നതിനുള്ള മൊബൈൽ ഫോൺ ലോക്കുകൾ രക്ഷിതാക്കൾ ഒരുക്കിയതിന് ശേഷം മാത്രമേ കുട്ടികൾക്ക് ഫോണുകൾ വാങ്ങിച്ചുനൽകാവൂ എന്നും മനഃശാസ്ത്രവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്‌കൂളുകളിൽ നടക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സുകൾക്ക് ഒപ്പം ഇത്തരം അപകടകരമായ മൊബൈൽ ഗെയിമുകളെക്കുറിച്ചും കൃത്യമായ ബോധവത്കരണം ശാസ്ത്രീയമായി നടത്തേണ്ടതുണ്ടെന്നും മനഃശാസ്ത്രവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബ്ലൂവെയിൽ ഗെയിം എന്താണെന്ന് വ്യക്തമാക്കുന്ന വിശദീകരണങ്ങളൊന്നും ആരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും പ്രസ്തുത ഗെയിം സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. അതിനാൽ ഇത്തരം ശരിയല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തെ ആശങ്കയിലാഴ്ത്തുന്നതും ശരിയല്ലെന്നും മനഃശാസ്ത്രജ്ഞർ വിശദീകരിക്കുന്നുമുണ്ട്. 


 

Latest News