കൊല്ലം- ഒപ്പം താമസിക്കുന്ന ബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പമുള്ള വീഡിയോ സിനിമാ പാട്ടിനൊപ്പം പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. കഴിഞ്ഞ ദിവസം കൊല്ലത്ത് താമസസ്ഥലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്ന ശേഷമാണ് വീണ്ടും ക്രൂരത നടത്തിയത്. കൊലപ്പെടുത്തിയ ശേഷം വീഡിയോ പങ്കുവെച്ച പ്രതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇയാൾ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. അസം സ്വദേശി ജലാലുദീൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ബന്ധുകൂടിയായ അബദുൽ അലിയാണ് മൃതദേഹത്തിന്റെ വീഡിയോ പകർത്തി പാട്ടിനൊപ്പം ചേർത്ത് പ്രചരിപ്പിച്ചത്. അബ്ദുൽ അലിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അഞ്ചൽ മാർക്കറ്റ് ജംഗ്ഷനു സമീപമുള്ള റോഡിനോട് ചേർന്നുള്ള ബഹുനില കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്.സമീപത്തെ ഇറച്ചി കടയിലെ ജോലിക്കാരായിരുന്നു ഇവർ.
പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഉച്ചത്തിലുള്ള അലർച്ച കേട്ട് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ജലാലിനെയാണ് കണ്ടത്. ആക്രമണം തടയാൻ ഇവർ ശ്രമിച്ചുവെങ്കിലും ഇവർക്ക് നേരെയും അബ്ദുൽഅലി വെട്ടുകത്തി വീശിയതോടെ ഇവർ ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടയിൽ റൂമിലേക്കുള്ള ഗ്രില്ല് ഗേറ്റ് പൂട്ടിയ അബ്ദുൽ കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. വിവരം അറിഞ്ഞത്തിയ അഞ്ചൽ സി ഐ സി എൽ സുധീന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഗ്രിൽ പൊളിച്ചു അകത്തു കയറ്റി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇറച്ചി കോഴി വിൽപ്പന സ്ഥാപനത്തിലെ ജോലിക്കാരാണ് ഇരുവരും. മൊബൈൽ സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചത്.