പതിനാറുകാരനുമായി വഴിവിട്ട ബന്ധം;  സ്‌കോട്ടിഷ് ധനമന്ത്രി രാജിവച്ചു

ഗ്ലാസ്‌ഗോ-16 വയസുള്ള ആണ്‍കുട്ടിയുമായി സമൂഹമാധ്യമത്തിലൂടെ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡിലെ ധനമന്ത്രി ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവച്ചു. ആറു മാസമായി കുട്ടിയുമായി നിരന്തരം മോശം സന്ദേശങ്ങളുമായി സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടെന്നാണ് മന്ത്രി ഡെറക് മക്കെയുടെ മേലുള്ള ആരോപണം. താന്‍ മോശമായി പെരുമാറിയെന്നും നടന്ന സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും മക്കെ പറഞ്ഞു. ഒപ്പം കുട്ടിയോടും അവന്റെ കുടുംബത്തോടും അദ്ദേഹം ക്ഷമ ചോദിച്ചു. ബുധനാഴ്ച വൈകുന്നേരം വരെ മക്കെയുടെ പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹത്തിനെതിരായ കൂടുതല്‍ ആരോപണങ്ങളെക്കുറിച്ചും തനിക്ക് അറിവില്ലായിരുന്നെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ മന്ത്രി നിക്കോള സ്റ്റര്‍ജന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആണ് കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും 270 സന്ദേശങ്ങള്‍ അയച്ചു. പല സന്ദര്‍ഭങ്ങളിലും കുട്ടിയുമായി കൂടുതല്‍ അടുത്തിട പഴകിയതായി സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്‌കോട്ടിഷ് പത്രത്തിലുണ്ട്. 
സഹപ്രവര്‍ത്തകരെയും പിന്തുണക്കാരെയും നിരാശപ്പെടുത്തിയതില്‍ ഖേദിക്കുന്നതായി മാക്കെ വെളിപ്പെടുത്തി. 2013ല്‍ കുടുംബബന്ധം ഉപേക്ഷിച്ച മാക്കെ ഇത്തരം ഒരു അവസ്ഥയില്‍ എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. 

Latest News