ജയ്പൂര്‍- രാജസ്ഥാനില്‍ സഹപ്രവര്‍ത്തകന്റെ മര്‍ദനമേറ്റ് കശ്മീരി ബാലന്‍ മരിച്ചു. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 17 കാരന്‍ ഗുലാം മുഹിയുദ്ദീന്‍ ഖാനാണ് ജയ്പൂരില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ അഞ്ചിന് രാത്രി ഒരു പാര്‍ട്ടിയിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനം. പ്രതി ദല്‍ഹി സ്വദേശി ആദിത്യ സാഹിനിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാക്കുതര്‍ക്കത്തിനും മര്‍ദനനത്തിനും ശേഷം ഖാന്‍ താമസസ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഛര്‍ദിക്കാന്‍ തുടങ്ങിയ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ശസ്ത്രക്രിയക്കിടെയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കുനാന്‍ സ്വദേശിയായ ഖാന്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് രാജസ്ഥാനില്‍ ജോലിക്കായി എത്തിയത്.
ജമ്മു കശ്മീരില്‍ സൈന്യത്തിലായിരുന്ന പിതാവ് ഖുര്‍ഷിദ് അഹ്്മദ് ഖാന്‍ ഏഴ് വര്‍ഷം മുമ്പ് മരിച്ചു. മാതാവും ഒരു സഹോദരനും നാല് സഹോദരിമാരുമുണ്ട്.






