വിജയ് ഷൂട്ടിംഗില്‍ തിരികെയെത്തി, ആരാധകരുടെ സ്വീകരണം

ചെന്നൈ- ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം സിനിമാ ലൊക്കേഷനില്‍ തിരികെയെത്തിയ നടന്‍ വിജയ്‌ന് ആരാധകരുടെ സ്വീകരണം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് അദ്ദേഹം എത്തിയത്. ഇവിടെവെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തത്്. നെയ്‌വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയ്‌യെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും മറ്റ് അണിയറപ്രവര്‍ത്തകരും വരവേറ്റത്. വിജയ് ഒരു പത്രസമ്മേളനം നടത്തുമെന്ന പ്രതീക്ഷയില്‍ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചോദ്യം ചെയ്യല്‍ ഷൂട്ടിങ്ങിനെ ബാധിച്ചിരുന്നില്ല. വിജയ് സേതുപതിയുടെയും മറ്റ് അഭിനേതാക്കളുടെയും ഭാഗങ്ങളാണ് വ്യാഴാഴ്ച ചിത്രീകരിച്ചത്.

മാസ്റ്ററില്‍ വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ, ഗൗരി ജി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. സേവ്യര്‍ ബ്രിട്ടോയുടെ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് നിര്‍മാണം.

 

Latest News