കേരളത്തില്‍ സി.എഫ്.എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധനം

തിരുവനന്തപുരം- ഈ നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ടവര്‍ഷം കൊണ്ട് സ്ഥാപിച്ചു. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി എല്‍ഇഡിയിലേക്ക് മാറും. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിക്കാന്‍ 11 കെവി ലൈനില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറിലേക്ക് രണ്ടു ലൈനെങ്കിലും ഉറപ്പുവരുത്തി തടസ്സം ഒഴിവാക്കാന്‍ ദ്യുതി 2020 പദ്ധതി നടപ്പാക്കും. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇ സെയ്ഫ് പദ്ധതി ആരംഭിക്കും.

കിഫ്ബി വഴി 20 ഫ്ളൈ ഓവര്‍ നിര്‍മിക്കും. കിഫ്ബി ആകെ അടങ്കല്‍ തുക 54678 കോടി രൂപയാണ്. 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കി. 675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

74 പാലങ്ങളും 44 സ്റ്റേഡിയങ്ങളും 4383 കോടിയുടെ കുടിവെള്ള പദ്ധതികളും നടപ്പാക്കും. 4 ലക്ഷം ച. അടി സാംസ്‌കാരിക സ്ഥാപനങ്ങള്‍, 46 ലക്ഷം ച.അടി വരുന്ന ആശുപത്രികെട്ടിടങ്ങള്‍, ഒരു ലക്ഷം വീട്, ഫ്ളാറ്റ് എന്നിവ നിര്‍മിക്കും.

ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടിയും പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപയും വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും.

വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest News