ത്യാഗം ചെയ്തവരെ അവഗണിച്ചു; രാമക്ഷേത്ര ട്രസ്റ്റ് വിവാദത്തില്‍

ലഖ്‌നൗ- അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി രൂപീകരിച്ച ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിനെതിരേ എതിര്‍പ്പുമായി സന്ന്യാസിമാര്‍ രംഗത്ത്.  
15 അംഗ  ട്രസ്റ്റില്‍ സന്ന്യാസിസമൂഹത്തിന്  മതിയായ പ്രാതിനിധ്യമില്ലെന്നാണ് ആക്ഷേപം.

രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാല്‍ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്ന് സന്ന്യാസിസമൂഹം ആവശ്യപ്പെടുന്നു.

ട്രസ്റ്റിന്റെ ഘടന സ്വീകാര്യമല്ലെന്ന് മഹന്ദ് നൃത്യഗോപാല്‍ പറഞ്ഞു. ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂര്‍ണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

വൈഷ്ണവസമാജം ട്രസ്റ്റില്‍നിന്ന് പൂര്‍ണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ പിന്‍ഗാമി മഹന്ദ് കമല്‍ നയന്‍ദാസ് പറഞ്ഞു. ട്രസ്റ്റിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.എസ്.പി.ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ബിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്രയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെയും സന്ന്യാസിമാര്‍ വിമര്‍ശിച്ചു. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സന്ന്യാസിമാര്‍ പറഞ്ഞു.

 

Latest News