ഭാര്യയുടെ അക്കൗണ്ടില്‍ 30 കോടി,  ഞെട്ടല്‍ മാറാതെ പൂക്കച്ചവടക്കാരന്‍

ബംഗളുരു-പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ വന്നത് 30 കോടി രൂപ. കര്‍ണ്ണാടകയിലെ ചന്നപട്ടണയിലാണ് സംഭവം. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് അക്കൗണ്ടില്‍ പണം എത്തിയതെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം ഇവര്‍ അറിയുന്നത്. ബാങ്കില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ടില്‍ എത്തിയ കാര്യം ഇരുവരും അറിയുന്നത്. ജന്‍ധര്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടില്‍ മുന്‍പ് ഉണ്ടായിരുന്നത് 60 രൂപ മാത്രമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്പനി എക്‌സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തു.
ഇത് ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും പറഞ്ഞതായി സയിദ് വ്യക്തമാക്കി.തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇയാള്‍ക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതില്‍ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാള്‍ പിന്നീട് വിളിച്ചതായി സയിദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

Latest News