റിയാദ്- റിയാദ്-ജിദ്ദ ഹൈവേയിൽ ഹുമയാത്തിൽ തിങ്കളാഴ്ച കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ മയ്യിത്ത് റിയാദിൽ ഖബറടക്കി. മാഹി സ്വദേശികളായ ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്തും നാട്ടുകാരനുമായ അമീനിന്റെ മകൻ അർഹാം (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് അൽറാജ്ഹി മസ്ജിദിലെ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം നസീം ഖബർസ്ഥാനിൽ ഖബറടക്കിയത്.
ഷമീമും കുടുംബവും സുഹൃത്തായ അമീനും കുടുംബവുമൊന്നിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് റിയാദിൽ നിന്ന് ഉംറക്ക് പുറപ്പെട്ടത്. ഉംറ നിർവഹിച്ച ശേഷം റിയാദിലേക്കുള്ള യാത്രയിൽ ഹുമയാത്തിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു.
മരിച്ച ഷമീമിന്റെ ഭാര്യയും റിയാദിലെ എരിത്രിയൻ സ്‌കൂളിലെ അധ്യാപികയുമായ അഷ്മില, അമീന്റെ ഭാര്യ ഷാനിബ എന്നിവർ ശുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ അഷ്മിലയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഷാനിബക്ക് കഴുത്തിനാണ് പരിക്കേറ്റത്. ഇരുവരെയും സ്‌ട്രെച്ചറിൽ കൊണ്ടുവന്ന് മയ്യിത്ത് കാണിച്ചു. ഷാനിബയുടെ മകനാണ് മരിച്ച നാല് വയസ്സുകാരൻ അർഹാം.
മയ്യിത്ത് നമസ്‌കാരത്തിനും ഖബറടക്കത്തിനുമായി റിയാദിലെ സാമൂഹിക രംഗത്തെ നിരവധി പേർ സംബന്ധിച്ചു. നിയമ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂർ, സാമൂഹ്യ പ്രവർത്തകരായ നിഹ്മത്ത്, ഖമർ എന്നിവരും മാഹി കൂട്ടായ്മയുടെ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. മാഹി കൂട്ടായ്മയുടെ ട്രഷറർ ആയിരുന്നു മരിച്ച ഷമീം.






