മാനന്തവാടി- കുറുക്കൻമൂല കളപ്പുരയ്ക്കൽ കോളനിയിലെ ശോഭയെ (28) വീടിനു സമീപം വയലിൽ മരിച്ച നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. വയൽ ഉടമ കളപ്പുരയ്ക്കൽ ജിനു ജോസഫിനെയാണ് (44) സി.ഐ എം.എം.അബ്ദുൽകരീമും സംഘവും അറസ്റ്റുചെയ്തത്. ബോധപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കൽ എന്നിവയ്ക്കുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ്. കഴിഞ്ഞ മൂന്നിനു രാവിലെയാണ് ശോഭയെ ജിനുവിന്റെ ഉടമസ്ഥതയിലുള്ള വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിൽ ഷോക്കേറ്റാണ് മരണമെന്ന് വ്യക്തമായി. വയലിലെ വൈദ്യുത കമ്പിവേലിയിൽനിന്നാണ് ഷോക്കേറ്റത്. ഈ വേലി ശോഭയെ മരിച്ചനിലയിൽ കണ്ട ദിവസം വയലിൽ ഉണ്ടായിരുന്നില്ല. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ വേലിയുടെ അവശിഷ്ടങ്ങൾ വയലിനു സമീപം ചതുപ്പിൽ കണ്ടെത്തി. ശോഭയുടെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വീട്, വേലി നിർമാണത്തിനു കമ്പി വാങ്ങിയ കാട്ടിക്കുളത്തെ കട എന്നിവിടങ്ങളിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രമേശൻ, സീനിയർ സി.പി.ഒമാരായ മെർവിൻ ഡിക്രൂസ്, നൗഷാദ്, ബഷീർ, സി.പി.ഒ വിപിൻ കൃഷ്ണൻ, ഡ്രൈവർ കെ.ബി.ബൈജു എന്നിവരും ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ തെളിവെടുപ്പിനു എത്തിച്ചത്.
അതിനിടെ, കേസിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജേക്കബ് സെബാസ്റ്റ്യൻ, ഷാജി പൊൻപാറ, സിന്ധു കളപ്പുര, ഷീബ, ലീല, എൽദോ നട്ടുക്കര എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശോഭയെ രാത്രി കോളനിയിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ സംഘത്തെ കണ്ടെത്തണം. മദ്യവും മയക്കുമരുന്നും നൽകി ആദിവാസി യുവതികളെ വശത്താക്കുന്ന സംഘം കുറുക്കൻമൂലയിൽ സജീവമാണ്. ശോഭയുടെ ഗതി മറ്റാർക്കും ഉണ്ടാകരുത്. പോലീസ് അറസ്റ്റുചെയ്തയാൾ സ്ഥലം ഉടമ മാത്രമാണ്. ശോഭയുടെ മരണത്തിനു മറ്റുപലരും കാരണക്കാരാണെന്നു വ്യക്തമാണ്. മരണത്തിലെ ദുരൂഹതയകറ്റാൻ പോലീസിന് ബാധ്യതയുണ്ട്. വിശദാന്വേഷണം നടത്തിയാൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ നിർത്താനാകുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.