Sorry, you need to enable JavaScript to visit this website.

കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാം; ഉപകരണവുമായി വിദ്യാർഥികൾ

കൽപറ്റ- മൂടിയില്ലാത്ത കുഴൽക്കിണറുകളിൽ കുടുങ്ങുന്ന കുട്ടികളെ രക്ഷിക്കാൻ ഉതകുന്ന ഉപകരണവുമായി പോളിടെക്‌നിക് കോളേജ് വിദ്യാർഥികൾ. 
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജിൽ  എൻസെൻഡർ എന്ന പേരിൽ നടന്നുവരുന്ന ഓൾ കേരള പോളിടെക്‌നിക് കോളേജ് ടെക്‌നിക്കൽ എക്‌സിബിഷനിലാണ് വിദ്യാർഥികൾ ഉപകരണം പരിചയപ്പെടുത്തുന്നത്. മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് ആൻഡ് റിസർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം. 


കളികൾക്കിടെ കുട്ടികൾ കുഴൽക്കിണറുകളിൽ വീഴുന്നതും രക്ഷാപ്രവർത്തകർ വഴിമുട്ടി നിൽക്കുന്നതും വലിയ വാർത്തകളാകുന്ന കാലത്താണ് ബോർവെൽ ചൈൽഡ് റസ്‌ക്യൂവർ എന്ന ഉപകരണം വിദ്യാർഥികൾ അവതരിപ്പിക്കുന്നത്. 
കൺട്രോൾ യൂണിറ്റ്, റോബോട്ടിക് ആംസ്, കാമറ എന്നിവയാണ് ഉപകരണത്തിലെ പ്രധാന ഘടകങ്ങൾ. കുഴൽക്കിണറിൽ അകപ്പെട്ട കുട്ടിയെ കാമറ ഉപയോഗിച്ചു നിരീക്ഷിച്ചശേഷം റോബോട്ടിക് ആംസ് കൃത്യതയോടെ ഇറക്കി രക്ഷിക്കാൻ സഹായിക്കുന്നതാണ് ഉപകരണം.
ജി.പി.എസ്-വൈഫൈ സംവിധാനം ഉപയോഗിച്ചു രക്ഷാപ്രവർത്തകർക്കു കുട്ടിയുമായി സംസാരിക്കാനും കഴിയും. 


മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിഭാഗം അവസാന വർഷ വിദ്യാർഥികളായ മെൽബിൻ സജി, അജ്മൽ റിഷാദ്, കെ.കെ.ദിൽനേഷ്, അതുൽ കൃഷ്ണ, കെ.വി.വിഷ്ണുപ്രസാദ്, കെ.അഖിൽ, ബ്ലസൺ ബേബി, കെ.പി.രഞ്ജിൽ, വി.ആർ.അനുരാഗ്, എൻ.എം.മഹിജിത്ത് എന്നിവരാണ്   ഉപകരണത്തിന്റെ രൂപകൽപനയ്ക്കും നിർമാണത്തിനും പിന്നിൽ. ഏബിൾ ബാബു, വി. മിൻഷാദ് എന്നീ അധ്യാപകരുടെ മേൽനോട്ടത്തിലാണ് രൂപകൽപനയും നിർമാണവും നടത്തിയതെന്നു വിദ്യാർഥികൾ പറഞ്ഞു. 
പോളി ടെക്‌നിക് കോളേജുകളിലെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ് ട്രേഡുകളിലെ വിദ്യാർഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായി തയാറാക്കിയതാണ് പ്രദർശനത്തിനുവെച്ച  ഉപകരണങ്ങളിൽ അധികവും. 


മൊബൈൽ ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ പ്രദർശന നഗരിയിലെ മറ്റൊരു ആകർഷണമാണ്. മീനങ്ങാടി ഗവ.പോളി ടെക്‌നിക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിഭാഗം അവസാന വർഷം വിദ്യാർഥികളായ അലൻ ബെന്നി, ശ്രീരാഗ് രവീന്ദ്രൻ, അഖിൽസ വർഗീസ്, അമൽ ജോസഫ്, ആൽബിൻ ജോർജ്, അമൽ കൃഷ്ണൻ, സി.എസ്.അഖിൽ, എൻ.പി.വിശാഖ്, സ്‌നേഹ, മുഹ്‌സിന എന്നീ വിദ്യാർഥികൾ പ്രൊജക്ടിന്റെ ഭാഗമായി തയാറാക്കിയതാണ് ചാർജിംഗ് സ്റ്റേഷൻ. സൗരോർജത്തെ വൈദ്യുതോർജമാക്കുന്നതാണ് സ്‌റ്റേഷനിൽ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ. 


ഇലക്ട്രിക്കൽ വാഹനങ്ങൾ നിരത്തുകൾ കീഴടക്കാൻ പോകുന്ന കാലത്തു ചാർജിംഗ് സ്‌റ്റേഷനുകൾക്കു പ്രസക്തി ഏറെയാണെന്നു വിദ്യാർഥികൾ പറയുന്നു. 
വൈദ്യുതി ഉൽപാദന, പ്രസാരണ രംഗങ്ങളിൽ വൈദ്യുതി ബോർഡ് ഉപയോഗിക്കുന്ന ഉപകരണങ്ങളും സബ് സ്റ്റേഷൻ മാതൃകയും  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് വിഭാഗത്തിൽ പ്രദർശനത്തിനു വെച്ചിട്ടുണ്ട്. സന്ദർശകരെ ആകർഷിക്കുന്നതാണ് സിവിൽ, മെക്കാനിക്കൽ ഉൾപ്പെടെ ഇതര ട്രേഡുകളുടെ പ്രദർശനവും. നാളെയാണ് സമാപനം. 

 

Latest News