Sorry, you need to enable JavaScript to visit this website.

മദ്യനയം; സർക്കാരിന് ഇരട്ടമുഖം -കെ.സി.ബി.സി 

തൃശൂർ - മദ്യനയത്തിൽ സർക്കാരിന് ഇരട്ടമുഖമാണെന്ന് തെളിയിക്കുന്നതാണ് പ്രവൃത്തികളെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് പറഞ്ഞു. ലഹരി വിമുക്തിയെന്ന പേരിൽ പരസ്യങ്ങൾ നൽകുകയും മദ്യം സുലഭമാക്കുകയുമാണ് ചെയ്യുന്നത്. മദ്യലോബികളെ സഹായിക്കുന്ന നീക്കമാണ് സർക്കാർ നടത്തുന്നത്. ടൂറിസം മേഖല വളരാൻ മദ്യം ആവശ്യമാണെന്ന സർക്കാരിന്റെ നിലപാട് ശരിയല്ല. പുറമേ നിന്നു വരുന്നവരെല്ലാം മദ്യം സുലഭമായി കിട്ടുന്ന നാട്ടിൽ നിന്നു വരുന്നവരാണ്. അവർ മദ്യം കുടിക്കാനല്ല ഇവിടേക്ക് വരുന്നത്. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നതാണ് ഇവിടെ സംഭവിക്കുന്നത്. കൂടുതൽ ബാറുകളും ബിയർ പാർലറുകളും അനുവദിക്കുന്നു. ഇത്തരത്തിൽ പ്രവർത്തനം നടത്തിയതുകൊണ്ട് മദ്യവും മയക്കുമരുന്നും കുറയ്ക്കാനാകില്ലെന്ന് ബിഷപ് പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്. 


ഡ്രൈഡേ മാറ്റാനുള്ള സർക്കാരിന്റെ നീക്കം ശരിയല്ല. മാസത്തിന്റെ ആദ്യ ദിവസം കിട്ടുന്ന തുകയിൽ നിന്ന് ഒരംശമെങ്കിലും ഡ്രൈഡേ മൂലം വീട്ടുകാർക്ക് ലഭിക്കുമെന്ന് ബിഷപ് പറഞ്ഞു.
പഴവർഗ വാറ്റുകേന്ദ്രങ്ങൾ, ബ്രുവറിൾ, പബ്ബുകൾ, നൈറ്റ് ലൈഫ് ക്ലബ്ബുകൾ എന്നിവ തുടങ്ങാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെയുള്ള ശക്തമായ താക്കീതായി കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം മാറുമെന്ന് ബിഷപ് വ്യക്തമാക്കി.


കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഇന്നും നാളെയും  തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ നടത്തും. ഇന്നു വൈകീട്ട് അഞ്ചിന് മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് സംസ്ഥാന ഭാരവാഹികളുടെ യോഗം നടക്കും.
നാളെ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം. ബിഷപ് മാർ അപ്രേം സന്ദേശം നൽകും. തുടർന്ന് സർക്കാരിന്റെ മദ്യനയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ സ്പീക്കർ വി.എം.സുധീരൻ മുഖ്യ പ്രഭാഷണം നടത്തും.  ഉച്ചകഴിഞ്ഞ് 2.30ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ബിഷപ് മാർ ടോണി നീലങ്കാവിൽ, ടി.എൻ.പ്രതാപൻ എം.പി, സമിതി സെക്രട്ടറി ചാർളി പോൾ, സമിതി സംസ്ഥാന ആനിമേറ്റർ സിസ്റ്റർ റോസ്മിൻ തുടങ്ങിയവർ പ്രസംഗിക്കും. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.


കേരള കത്തോലിക്ക സഭയുടെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിലെ 32 അതിരൂപത-രൂപതകളിൽ നിന്നെത്തുന്ന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ തുടർപ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ ബിഷപ് മാർ യൂഹാനോൻ മാർ തിയോഡോഷ്യസ്, ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന സെക്രട്ടറിമാരായ ചാർളി പോൾ, പ്രസാദ് കുരുവിള, സമ്മേളനം കോ-ഓർഡിനേറ്റർ ഫാ. ദേവസി പന്തല്ലൂക്കാരൻ, ജോസ് ചെമ്പിശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച മദ്യവിരുദ്ധ പ്രവർത്തനത്തിനുള്ള രൂപതാതല അവാർഡിന് തൃശൂർ അതിരൂപതയെ തെരഞ്ഞെടുത്തതായി സമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം തലശേരി അതിരൂപതയും മൂന്നാം സ്ഥാനം ആലപ്പുഴ രൂപതയും നേടി. മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള അവാർഡ് തൃശൂരിലെ ജോസ് ചെമ്പിശേരിക്ക് ലഭിച്ചു.

 

Latest News