തായിഫിൽ വിദേശികളുടെ അനധികൃത ഭക്ഷ്യവസ്തു നിർമാണ കേന്ദ്രത്തിൽ റെയ്ഡ്

പശ്ചിമ തായിഫിലെ അൽജൈശ് സ്ട്രീറ്റിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷ്യവസ്തു നിർമാണ കേന്ദ്രത്തിൽ കണ്ടെത്തിയ വസ്തുക്കൾ. 

തായിഫ് - വിദേശികൾ നടത്തിയിരുന്ന അനധികൃത ഭക്ഷ്യവസ്തു നിർമാണ കേന്ദ്രത്തിൽ വെസ്റ്റ് ബലദിയ റെയ്ഡ് നടത്തി. പശ്ചിമ തായിഫിലെ അൽജൈശ് സ്ട്രീറ്റിലെ കെട്ടിടത്തിലെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് അനധികൃത താമസക്കാരായ വിദേശികൾ യാതൊരുവിധ ആരോഗ്യ വ്യവസ്ഥകളും പാലിക്കാതെ ഭക്ഷ്യവസ്തുക്കൾ നിർമിക്കുകയും വൻതോതിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയും ചെയ്തിരുന്നത്. ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതിന് ഉപയോഗിച്ചിരുന്ന പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും എണ്ണകളുടെയും മസാലകളുടെയും മറ്റും വലിയ ശേഖരം ഫഌറ്റിൽ കണ്ടെത്തി. 


ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന റെഫ്രിജറേറ്ററുകളും ഫഌറ്റിൽ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസില്ലാതെയാണ് വിദേശികൾ ഭക്ഷ്യവസ്തു നിർമാണ കേന്ദ്രം നടത്തിയിരുന്നത്. ഇവിടുത്തെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകളുമുണ്ടായിരുന്നില്ല. മോശം രീതിയിലും അനാരോഗ്യകരമായ സാഹചര്യത്തിലുമാണ് ഇവിടെ ഭക്ഷ്യവസ്തുക്കൾ തയാറാക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നത്. അനധികൃത കേന്ദ്രം അടപ്പിച്ച നഗരസഭാധികൃതർ ഭക്ഷ്യവസ്തുക്കളും മറ്റും പിടിച്ചെടുക്കുകയും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

 

Latest News