ന്യൂദൽഹി- പൗരത്വഭേദഗതി നിയമം ഒരു ഇന്ത്യൻ പൗരനെ പോലും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്‌സഭയിൽ വ്യക്തമാക്കി. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ലോകസഭയിൽ മറുപടി നൽകുകയായിരുന്നു മോഡി.
അയൽ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യയിൽ സംരക്ഷണം നൽകാൻ ആവശ്യമെങ്കിൽ നിയമം ഭേദഗതി ചെയ്യുന്നതിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പിന്തുണച്ചിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള പാകിസ്ഥാന്റെ അജണ്ടയെ വ്യാപകമാക്കുകയാണ് ചില രാഷ്ട്രീയ കക്ഷികൾ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യൻ പൗരനെ പോലും ബാധിക്കില്ലെന്ന് അദ്ദേഹം ലോക്‌സഭയ്ക്ക് ഉറപ്പ് നൽകി. പൗരത്വ നിയമ ഭേദഗതിയുടെ നടത്തിപ്പ് കൊണ്ട് ഏത് വിശ്വാസത്തിലും / മതത്തിലുംപ്പെട്ട ഒരു ഇന്ത്യാക്കാരനും യാതൊരു തരത്തിലുമുള്ള പ്രത്യാഘാതവും ഉണ്ടാവില്ലെന്ന് സ്പഷ്ടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോഡി വ്യക്തമാക്കി.