സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണത്തിന്റെ ഗ്രാഫ് ഉയരുന്നതിനനുസരിച്ച് നെഞ്ചിടിപ്പ് കൂടുന്നത് മലയാളികളടക്കമുള്ള വിദേശ തൊഴിലാളികൾക്കാണ്. ഫാർമസി മേഖലയിൽകൂടി സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ഏറെ ബാധിക്കുക മലയാളികളെയാവും. ഈ രംഗത്ത് മലയാളികൾക്കുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടാൻ ഇനി അധികനാളുകളില്ല. രാജ്യത്ത് നിലവിൽ ഉദ്യോഗാർഥികളായി കഴിയുന്ന മുഴുവൻ സ്വദേശി ഫാർമസിസ്റ്റുകൾക്കും തൊഴിൽ ലഭിക്കുംവിധം രണ്ടു വർഷത്തിനിടെ രണ്ടു ഘട്ടങ്ങളിലായി 50 ശതമാനം സ്വദേശിവൽക്കരണം ഫാർമസി മേഖലയിൽ നടപ്പാക്കാനാണ് തീരുമാനം. ഇതോടെ ഒട്ടേറെ വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഉറപ്പാണ്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി ദേശീയ സമ്പത്തിക വികസനത്തിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിന് സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 20 പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതും വിദേശകളുടെ തൊഴിൽ നഷ്ടതോത് ഉയരുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 20.9 ശതമാനമായി ഉയർന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) അടുത്തിടെ വ്യക്തമാക്കിയിരുന്നു. നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സൗദിവൽക്കരണ അനുപാതമാണിത്. 2015ൽ സ്വകാര്യ മേഖലയിലെ സൗദിവൽക്കരണം 17.1 ശതമാനമായിരുന്നതാണ് ഇപ്പോൾ 20.9 ശതമാനമായി ഉയർന്നിട്ടുള്ളത്. ഒരു വർഷത്തിനിടെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽനിന്ന് 4,57,623 വിദേശികൾക്കാണ് തൊഴിൽ നഷ്ടമായത്. സ്വകാര്യ മേഖലയിൽ സ്വദേശികളായ വനിതകളുടെ എണ്ണത്തിൽ ഈ കാലയളവിൽ ഗണ്യമായ വർധനയാണുണ്ടായത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 32.9 ശതമാനം വനിതകളാണ്. 2018ൽ വനിതാ അനുപാതം 31.8 ശതമാനമായിരുന്നു. വനികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പ്രായപൂർത്തിയായവർക്ക് യാത്ര ചെയ്യാനും ഏതു മേഖലയിലും ജോലി ചെയ്യാൻ വനിതകൾ സന്നദ്ധമായതുമെല്ലാം തൊഴിൽ രംഗത്ത് വനിതാ പ്രാതിനിധ്യം ഉയരാൻ സഹായകമായ ഘടകങ്ങളാണ്. വരും വർഷങ്ങളിൽ ഇതു കൂടും. കാരണം വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തുമെല്ലാം വനിതകളുടെ വൻ മുന്നേറ്റമാണ് സൗദിയിൽ നടന്നു വരുന്നത്.
ഇതിനിടെയാണ് ഫാർമസി മേഖലയിലെ സ്വദേശിവൽക്കരണം കൂടി കടന്നു വന്നിട്ടുള്ളത്. ഈ വർഷം ജൂലൈയിൽ തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ 20 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കുക. രാജ്യത്ത് 4,111 സ്വദേശി ഫാർമസിസ്റ്റ് ഉദ്യോഗാർഥികളുണ്ടെന്നാണ് കണക്ക്. ആദ്യ ഘട്ടത്തിൽ തന്നെ ഇവർക്ക് തൊഴിൽ നൽകാനാവുമെന്നാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രതീക്ഷ. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 8,665 സ്വകാര്യ ഫാർമസികളുണ്ട്. ഇതിൽ 22,467 ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും സ്വദേശികൾ 6.4 ശതമാനം മാത്രമാണ്. അതായത് സ്വകാര്യ മേഖലയിൽ 1,443 സൗദി ഫാർമസിസ്റ്റുകളാണുള്ളത്. അതേ സമയം 21,024 വിദേശ ഫാർമസിസ്റ്റുകൾ ഈ രംഗത്ത് പണിയെടുക്കുന്നു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളിലെ 4,006 ഫാർമസിസ്റ്റുകളിൽ 93.4 ശതമാനം പേർ സ്വദേശികളാണെങ്കിലും നാഷണൽ ഗാർഡ് മന്ത്രാലയം, പൊതുസുരക്ഷാ വകുപ്പ്, പ്രതിരോധ മന്ത്രാലയം അടക്കമുള്ള മറ്റു സർക്കാർ വകുപ്പുകൾക്കു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിലെ 2,652 ഫാർമസിസ്റ്റുകളിൽ 71.9 ശതമാനമാണ് സ്വദേശികൾ. രാജ്യത്തെ മൊത്തം ഫാർമസികളിലും ആരോഗ്യ സ്ഥാപനങ്ങളിലുമായി ആകെ 29,125 ഫാർമസിസ്റ്റുകളാണുള്ളത്. ഇതിൽ 24.3 ശതമാനം മാത്രമാണ് സ്വദേശികൾ. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ രംഗത്ത് സ്വദേശിവൽക്കരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. മാത്രല്ല, ഓരോ വർഷവും ഫാർമസി കോളേജുകളിൽനിന്ന് 1176 സ്വദേശികൾ വീതം പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. ഇതിൽ കൂടുതൽ പേർ സ്ത്രീകളാണ്. 2027 ആകുമ്പോഴേക്കും സ്വദേശി ഉദ്യോഗാർഥികളുടെ എണ്ണം 26,697 ആയി ഉയരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
ഫാർമസിസ്റ്റ്, ടോക്‌സിക്കോളജിസ്റ്റ്, കെമിക്കൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ്, നാച്വറൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ്, ലബോറട്ടറി സയൻസ് ഇൻസ്ട്രക്ടർ, ഫാർമസി ട്രെയിനർ, മെഡിസിൻ കൺസൾട്ടന്റ്, ജനറൽ ഫാർമക്കോളജിസ്റ്റ്, സിറോളജി സ്‌പെഷ്യലിസ്റ്റ്, ബാക്ടീരിയൽ ആന്റ് ഡ്രഗ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകൾക്കും ഫാർമസി മേഖലക്കു കീഴിൽ വരുന്ന മറ്റെല്ലാ പ്രൊഫഷനുകൾക്കും സൗദിവൽക്കരണം ബാധകമാണ്. അതായത് ഹെൽത്ത് സെന്ററുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, മെഡിക്കൽ കമ്പനികൾ, ആശുപത്രികൾ, ഫാർമസികൾ, ഇൻഷുറൻസ് കമ്പനികൾ, സെയിൽസ് ഔട്ട്‌ലെറ്റുകൾ, മെഡിക്കൽ സപ്ലൈസ് കമ്പനികൾ, മരുന്ന് കമ്പനികൾ, സയന്റിഫിക് ഓഫീസുകൾ, വിതരണ കമ്പനികൾ, ഇറക്കുമതിക്കാർ, മരുന്ന് ഗോഡൗണുകൾ അടക്കം ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും സ്വദേശിവൽക്കരണത്തിന്റെ പരിധിയിൽ വരും. ഈ വർഷം ജൂലൈ 22ന് നിലവിൽ വരുന്ന ആദ്യ ഘട്ടത്തിൽ 20 ശതമാനവും അടുത്ത കൊല്ലം ജൂലൈയിൽ നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനവും സൗദിവൽക്കരണമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ ആരോഗ്യ മേഖലയിൽ 40,000 തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സും ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഫാർമസി മേഖലയിൽ 50 ശതമാനം സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം.
സ്വദേശിവൽക്കരണ രംഗത്തേക്ക് ഫാർമസി മേഖലകൂടി താമസിയാതെ കടന്നു വരുന്നതോടെ തൊഴിൽ രഹിതരായ വിദേശികളുടെ എണ്ണം കൂടും. ഇത് ഏറെ പ്രതികൂലമായി ബാധിക്കുക കേരളത്തെയാവും. കാരണം ഫാർമസി രംഗത്ത് ഏറ്റവും കാര്യക്ഷമായി പ്രവർത്തിക്കുന്ന വിഭാഗം മലയാളികളായതിനാൽ അവർക്ക് ഈ രംഗത്തേക്ക് കടന്നുവരാനും ആയിരക്കണക്കിനു പേർക്ക് തൊഴിൽ ലഭിക്കാനും ഉണ്ടായിരുന്ന വാതിലുകളാണ് അടയാൻ പോകുന്നത്.
സൗദി അറേബ്യ ലക്ഷ്യമിട്ട് ഫാർമസി ബിരുദമെടുത്തവരും പഠിച്ചുകൊണ്ടിരിക്കുന്നവരും പുതിയ മേച്ചിൽ പുറങ്ങൾ തേടേണ്ടി വരും. അഞ്ചും അതിൽ കൂടുതലും വിദേശ ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണ തീരുമാനം ബാധകമാവുകയെന്നത് തെല്ല് ആശ്വാസമാണ്. അങ്ങനെ വരുമ്പോൾ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് തൽക്കാലത്തേക്ക് ഭീഷണിയില്ല. എന്നാൽ സ്വദേശിവൽക്കരണം പൂർണതോതിലാക്കാനുള്ള തീരുമാനം വരുന്നതോടെ അവരും തൊഴിൽ രഹിതരാവുമെന്ന് ഉറപ്പാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രംഗത്തു പ്രവർത്തിക്കുന്ന വിദേശികൾ മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്.






