Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വിമാനതാവളത്തിൽനിന്ന് ലക്ഷങ്ങളുടെ ലഗേജ്  തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ പിടിയിൽ 

എടക്കര- കരിപ്പൂർ എയർപോർട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഗേജുമായി മുങ്ങിയ ദമ്പതികൾ പോലീസിന്റെ പിടിയിലായി. കാസർകോട് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് പുഴക്കലക്കല്ലിൽ സാദിഖ്്് (30), ഭാര്യ മലപ്പുറം ജില്ലയിലെ വഴിക്കടവ് കാരക്കോട് ആനക്കല്ലൻ ഹസീന(35) എന്നിവരാണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിൽ താമസിക്കുന്ന ഷംസുദ്ദീന്റെ പരാതിയിലാണ് അറസ്റ്റ്. വിദേശത്ത് ബിസിനസ് നടത്തുന്ന ഷംസുദ്ദീന്റെ ഹൗസ് സർവന്റായി ജോലി ചെയ്യുകയായിരുന്നു ഹസീന. കഴിഞ്ഞ 23ന് ഷംസുദ്ദീന്റെ കൂടെ ഹസീനയും നാട്ടിലേക്കു വന്നിരുന്നു. 24ന് പുലർച്ചെ കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഷംസുദ്ദീൻ ശുചിമുറിയിൽ പോകാൻ നേരം രണ്ടു ബാഗുകൾ ഹസീനയെ ഏൽപിച്ചു. എന്നാൽ തിരിച്ചെത്തിയപ്പോൾ ഹസീന ബാഗുകളുമായി കടന്നുകളഞ്ഞിരുന്നു. 
ബന്ധുക്കളുടെ വിവാഹാവശ്യത്തിനുള്ള വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും സുഗന്ധ ദ്രവ്യങ്ങളുമടക്കം 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ഇതിനിടെ ഹസീന വിവരം നൽകിയതനുസരിച്ച് ഭർത്താവ് സാദിഖ്, മംഗലാപുരം സ്വദേശികളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പം എയർപോർട്ടിൽ എത്തിയിരുന്നു. ബാഗുമായി ഈ സംഘം മുങ്ങുകയായിരുന്നു. തുടർന്ന് ഹസീനയെ അന്വേഷിച്ച് ഷംസുദ്ദീൻ ഇവരുടെ വഴിക്കടവിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കൾ മുഖേനയും മധ്യസ്ഥന്മാർ മുഖേനയും ബാഗുകൾ തിരിച്ചുകിട്ടാൻ ഷംസുദ്ദീൻ ശ്രമം നടത്തിയെങ്കിലും തിരിച്ചു നൽകാൻ ഇവർ തയാറായില്ല. പിന്നീട് ഷംസുദ്ദീൻ വഴിക്കടവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ സമയം എയർപോർട്ടിൽ നിന്നു മംഗലാപുരത്തെത്തിയ സംഘം മുറി വാടകയ്‌ക്കെടുത്ത് ബാഗുകൾ തുറന്ന് ആഭരണങ്ങൾ ഹസീനയും ഭർത്താവും കൈക്കലാക്കുകയും മറ്റു സാധനങ്ങൾ സുഹൃത്തുക്കൾ വീതിച്ചെടുക്കുകയുമായിരുന്നു. ആഭരണങ്ങൾ നാലു ലക്ഷം രൂപയ്ക്ക് മംഗലാപുരത്ത് വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചു. 
വഴിക്കടവ് എസ്.ഐ വി.എസ്.വിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ്, ദമ്പതികളെ അറസ്റ്റ് ചെയ്തു. ഹസീനയുടെ കാരക്കോടുള്ള വീട്ടിൽ നിന്നു ഷംസുദ്ദീന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹസീനയുടെ രണ്ടാം ഭർത്താവായ സാദിഖ് കഞ്ചാവ് കേസിലും അടിപിടി കേസിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രതികൾ എയർപോർട്ട് കേന്ദ്രീകരിച്ച് ലഗേജുകൾ തട്ടിയെടുക്കുന്ന സംഘത്തിലെ കണ്ണികളാണെന്നു പോലീസ് സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം നിർദേശം നൽകിയിട്ടുണ്ട്. വഴിക്കടവ് ഇൻസ്‌പെക്ടർ പി.ബഷീറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.അസൈനാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബൂബക്കർ, ടോണി, ജോബി, സിനി, സി.പി.ഒമാരായ എൻ.പി.സുനിൽ, ഇ.ജി.പ്രദീപ്, റിയാസ് ചീനി, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
 

Latest News